Site icon Janayugom Online

‘ഹരിത’ നേതാക്കളെ അധിക്ഷേപിച്ച സംഭവം; എംഎസ്എഫ് നേതാക്കളെ വെള്ളപൂശി മുസ്‌ലിം ലീഗ് നേതൃത്വം

എംഎസ്എഫ് വനിതാ ഭാരവാഹികള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും അധിക്ഷേപിച്ചെന്നും ആരോപണമുയര്‍ന്ന സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ വെള്ളപൂശി മുസ്‌ലിം ലീഗ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവര്‍ക്കെതിരെ നടപടിയൊന്നും വേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇവരുടെ പരാമര്‍ശം അസ്ഥാനത്തായിരുന്നുവെന്ന് വിലയിരുത്തിയ നേതൃത്വം ഇക്കാര്യം അവര്‍ക്ക് ബോധ്യപ്പെട്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എംഎസ്എഫ് നേതാക്കളുമായി ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് നേതൃത്വം ഇത്തരത്തില്‍ തീരുമാനത്തിലെത്തിയത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി എം എ സലാം, ഡോ. എം കെ മുനീർ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പി കെ നവാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തണമെന്ന് നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹരിത വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിക്കണമെന്നും എംഎസ്എഫ് നേതാക്കൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ഇനി തുടർ നടപടിയുണ്ടാകില്ലെന്നും വ്യക്തമാക്കിയ ലീഗ് നേതൃത്വം ഹരിതയുടെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച നടപടി പിൻവലിക്കാനും തീരുമാനിച്ചിരുന്നു. എംഎസ്എഫും ഹരിതയും ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ്. ഇവർ യോജിച്ച് മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികളുണ്ടാകുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു.

തുടര്‍ന്ന് ഖേദപ്രകടനം നടത്തിയ നവാസ് പക്ഷെ ആരോപണം നിഷേധിക്കുകയായിരുന്നു. വ്യക്തിപരമായോ ലിംഗപരമായോ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധാരണയോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് നവാസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഹരിത ഭാരവാഹികള്‍ വനിതാകമ്മിഷന് നൽകിയ പരാതി പിൻവലിക്കുമെന്നാണ് ലീഗ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവത്തിൽ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചാലും പരാതി പിൻവലിക്കില്ലെന്ന നിലപാടിലാണ് ഹരിത. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും അവർ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹരിതയുടെ തീരുമാനം.

ഇക്കഴിഞ്ഞ ജൂൺ 22ന് കോഴിക്കോട്ട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെയാണ് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നാണ് ഹരിത നേതാക്കൾ വനിതാ കമ്മിഷന് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെയും ഹരിത നേതാവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എംഎസ്എഫ് നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തത്.

You may also like this video:

Exit mobile version