ഗുജറാത്തിലെ സോമനാഥ് നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റാൻ ശ്രമം. മുസ്ലിം വിഭാഗത്തില്പെട്ട വോട്ടർമാരെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വോട്ടർമാരുടെ പേര് നീക്കം ചെയ്യുന്നതിനായി ഏകദേശം 15,000 ഫോം 7 അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്.
പേര് നീക്കം ചെയ്യാൻ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗവും സമർപ്പിച്ചിരിക്കുന്നത് വെറും 269 വ്യക്തികളാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇവരിലോരോരുത്തരും അമ്പതിലധികം അപേക്ഷകൾ വീതമാണ് നൽകിയിട്ടുള്ളത്. ഒരാൾക്ക് നിശ്ചിത എണ്ണം അപേക്ഷകൾ മാത്രമേ നൽകാൻ സാധിക്കൂ എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഈ നിയമലംഘനം. അപേക്ഷകളിൽ വോട്ടറുടെ വിവരങ്ങൾ ഇംഗ്ലീഷിൽ അച്ചടിച്ച നിലയിലാണെങ്കിലും, പരാതി നൽകുന്ന ആളുടെ പേരും വിവരങ്ങളും കൈപ്പടയിലാണ് എഴുതിയിരിക്കുന്നത്.
പരാതി നൽകിയവരിൽ ഭൂരിഭാഗവും ബിജെപി പ്രവർത്തകരാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. 2.6 ലക്ഷം വോട്ടർമാരുള്ള സോമനാഥ് മണ്ഡലത്തിൽ ഏകദേശം 50,000 മുസ്ലിം വോട്ടർമാരാണുള്ളത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 922 വോട്ടുകൾക്കാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി മാൻസിങ് പർമർ കോൺഗ്രസിനോട് പരാജയപ്പെട്ടത്. ഈ ചെറിയ വോട്ട് വ്യത്യാസം മറികടക്കാൻ എതിർപക്ഷത്തെ വോട്ടുകൾ കൃത്രിമമായി നീക്കം ചെയ്യാനാണ് ശ്രമം നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഘടിതമായ രീതിയിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് അപേക്ഷകൾ സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
മധ്യപ്രദേശിലും മുസ്ലിങ്ങളെ ഒഴിവാക്കി
ഭോപ്പാല്‍: എസ്ഐആറിന്റെ ഭാഗമായി, മധ്യപ്രദേശിലെ രേവ ജില്ലയില്‍ നിന്ന് മുസ്ലിങ്ങളെ കൂട്ടത്തോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നടപടിക്രമം പാലിക്കാതെ ന്യൂനപക്ഷ സമുദായാംഗങ്ങളെ ഒഴിവാക്കിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്.
വര്‍ഷങ്ങളായി സ്ഥിരതാമസക്കാരായ കുടുംബങ്ങളെയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. നീക്കം ചെയ്യാനുള്ള ഫോം എഴ് തങ്ങളുടെ അറിവോ സമ്മതോ ഇല്ലാതെ പൂരിപ്പിച്ച് നല്‍കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിരവധി ഗ്രാമങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മുസ്ലിങ്ങളെയാണ് പട്ടികയില്‍ നിന്ന് അകാരണമായി ഒഴിവാക്കിയത്. ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തി ഫോം ഏഴ് നല്‍കുകയോ, പൂരിപ്പിച്ച് തിരികെ നല്‍കുകയോ ചെയ്തിട്ടില്ല. എന്നാല്‍ കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അടക്കം വോട്ട് രേഖപ്പെടുത്തിയവരുടെ പേരുകള്‍ വരെ നീക്കി.
ഗുഡ് പഞ്ചായത്തിൽ നിന്ന് 446 പേരുകളും, ബർഹാദിയിൽ 373, റായ്പൂർ കർചുലിയയിൽ 125, രാംനയിൽ 562, ജുഗ്നിഹായിൽ 433 പേരുകളും നീക്കം ചെയ്തു. കാരണങ്ങൾ ഒന്നും അറിയിച്ചിട്ടില്ലെന്നും ബൂത്ത് ലെവൽ ഓഫിസർമാർ പിന്നീട് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഇത് ക്ലറിക്കല്‍ പിഴവല്ലെന്നും ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും ഗുഡ് സ്വദേശിയായ മൊഹ്സിന്‍ അലി പറഞ്ഞു.

