Site iconSite icon Janayugom Online

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു, : ആരിഫ് മുഹമ്മദ് ഖാന്‍

arif Muhammad Khanarif Muhammad Khan

കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ച പ്രതിഷേധം കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളജുകളില്‍ പ്രതിഷേധമായി മാറിയിരുന്നു. ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പിയു കോളേജില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ കോളജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്. ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വാപിച്ചിരുന്നു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. ഇതോടെ സ്‌കൂളുകളും കോളജുകളും അടക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും കോടതിയെ സമീപിക്കുകയും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനം തകര്‍ക്കുന്ന ഒരു തരത്തിലുള്ള നീക്കങ്ങളും പാടില്ലെന്നും സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് കോടതി 14ലേക്ക് മാറ്റിയിട്ടുണ്ട്.

Eng­lish Sumam­ry: Mus­lim Women Against Hijab: Arif Muham­mad Khan

You may also like thsi video:

Exit mobile version