Site iconSite icon Janayugom Online

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊ ന്നു; നാല് പേർ അറസ്റ്റിൽ

അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. 35 വയസുകാരനായ മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം വിഭാഗവും പൊലീസ് നടപടിക്കെതിരെ ഹിന്ദു വിഭാഗവും രംഗത്തിറങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. 

പ്രദേശത്തെ തുണി വ്യാപാരിയായ മുകേഷ് ചന്ദ് മിത്തലിന്റെ വീട്ടിൽ കയറിയെന്ന് ആരോപിച്ച് ഫരീദിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാത്തിയും മറ്റും ഉപയോഗിച്ച് മുഹമ്മദിനെ ആളുകൾ തല്ലുന്നത് കാണാം. ക്രൂരമർദനത്തിന് ശേഷം ഇയാളെ റോഡിലേക്ക് തള്ളുന്നതും വീഡിയോയിൽ ഉണ്ട്. മറ്റൊരു വീഡിയോയിൽ ഇയാളെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലേക്ക് എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഉണ്ട്.

ഫരീദിന്റെ കൊലപാതകത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാക്കളായ അബ്ദുൾ ഹമീദ്, അജ്ജു ഇഷ്ഖ്, ബിഎസ‌്പി നേതാവ് സൽമാൻ ഷാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതോടെ ബജ്റംഗ‌്ദൾ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അലിഗഢിലേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
മൂന്ന് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Eng­lish Summary:Muslim youth beat­en to death in UP; Four peo­ple were arrested

You may also like this video

Exit mobile version