Site iconSite icon Janayugom Online

മുസ്ലിങ്ങൾക്കും നായ്ക്കൾക്കും പ്രവേശനമില്ല ; കൊൽക്കത്തയിലെ കോളജ് കാമ്പസിൽ വിദ്വേഷ ചുവരെഴുത്തുകൾ

ഡൽഹി സ്ഫോടനത്തിന് പിന്നാലെ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) കാമ്പസിൽ മുസ്‌ലിം വിദ്വേഷ ചുവരെഴുത്തുകൾ.

‘മുസ്‌ലിംകൾക്കും നായ്ക്കൾക്കും പ്രവേശനമില്ല’ എന്ന എഴുത്തുകൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടു. ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ ഇരുവശത്തുമാണ് ചുവരെഴുത്തുകൾ.

ഹോസ്റ്റൽ പ്രവേശന കവാടത്തിൽ ‘നായകൾക്ക് പ്രവേശനമില്ല’ എന്ന് കറുത്ത നിറത്തിൽ എഴുതിയ ചുവരെഴുത്തുകൾ കുറച്ച് വർഷങ്ങളായി അവിടെയുണ്ടെന്നാണ് പറയുന്നത്. എന്നാൽ ആരോ വെളുത്ത ചോക്ക് ഉപയോഗിച്ച് ‘മുസ്‌ലിംകൾ’ എന്ന് ഇതിനു മുകളിൽ എഴുതി ചേർത്തു. ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ചവറ്റുകൊട്ടയിൽ ‘മുസ്‌ലിംകൾക്കുള്ള ഏക സ്ഥലം’ എന്നും എഴുതിയിരിക്കുന്നു.

1931ൽ കൊൽക്കത്തയിൽ പ്രഫസർ പ്രശാന്ത ചന്ദ്ര മഹലനോബിസ് സ്ഥാപിച്ച ഐഎസ്ഐ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ്. 1959 മുതൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഐഎസ്‌ഐ. ഡൽഹി, ബെംഗളൂരു, ചെന്നൈ, തേസ്പൂർ എന്നിവിടങ്ങളിൽ ഇതിന് ശാഖകളുണ്ട്.

Exit mobile version