Site iconSite icon Janayugom Online

മരുന്നു കുറിപ്പടി വായിക്കാന്‍ കഴിയണം; കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും പഞ്ചാബ്-ഹരിയാന കോടതി

ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന കുറിപ്പടികളും രോഗനിര്‍ണയവും മനസിലാക്കുകയെന്നത് രോഗിയുടെ മൗലികാവകാശമാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27ന് ജസ്റ്റിസ് ജുസ്ഗുര്‍പ്രീത് സിങ് പുരിയാണ് വിധി പുറപ്പെടുവിച്ചത്.
മെഡിക്കല്‍ കുറിപ്പടികള്‍ കൃത്യവും വ്യക്തവുമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാനായി പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതുവരെ പഞ്ചാബ്, ഹരിയാന, ചണ്ഢീഗഡ് എന്നിവിടങ്ങളിലെ ഡോക്ടര്‍ന്മാര്‍ കുറിപ്പടികളില്‍ കാപിറ്റല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വായിക്കാന്‍ കഴിയാത്ത രീതിയില്‍ രോഗികള്‍ക്ക് കുറിപ്പടി നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി നേരത്തെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മുമ്പ് ഒറീസ, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ മെഡിക്കൽ കുറിപ്പടികളുടെ കാര്യത്തിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Exit mobile version