Site iconSite icon Janayugom Online

ഇന്ത്യയിലെ മതവിദ്വേഷ അക്രമങ്ങള്‍ അവസാനിപ്പിക്കണം: യുഎന്‍

മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ ഇന്ത്യയില്‍ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ബിജെപി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് യുഎന്നിന്റെ പ്രതികരണം.

സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റ വക്താവ് സ്റ്റീഫന്‍ ദുജാറികാണ് വിഷയത്തില്‍ യുഎന്നിന്റെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണ് നിലപാടെന്നും വിദ്വേഷ പ്രസംഗങ്ങളെയും പ്രകോപനങ്ങളെയും തങ്ങള്‍ തള്ളിപ്പറയുന്നുവെന്നും സ്റ്റീഫന്‍ ദുജാറിക്ക് അറിയിച്ചു.

എല്ലാ തരത്തിലുള്ള അക്രമങ്ങളും, പ്രത്യേകിച്ച് മതവ്യത്യാസത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഏത് രീതിയിലുള്ള വിദ്വേഷ പ്രസംഗവും അതിന് പ്രേരണ നല്‍കുന്ന കാര്യങ്ങളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish summary;must end com­mu­nal vio­lence in India: UN

You may also like this video;

Exit mobile version