ഭാവി തലമുറകളെ മുന്നില്‍ കണ്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന് ഫിഷറീസ്-സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു.സംസ്ഥാന സര്‍ക്കാര്‍ കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്ക്) മുഖേന നടപ്പാക്കുന്ന നോളജ് ഇക്കണോമി മിഷന്‍റെ ഭാഗമായി പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളത്തിന് ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്തോടൊപ്പം സഞ്ചരിക്കുന്നതിന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വികസന മുന്നേറ്റം ശക്തമായി തുടരണം. ഭൂമിശാസ്ത്രപരമായി ഒരുപാട് പരിമിതികളുള്ള സംസ്ഥാനത്ത് വ്യവസായ നിക്ഷേപം കൂടുതലായി വരുന്നതിനും ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം കൂടിയേതീരൂ. കേരളത്തിന്‍റെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിതെളിക്കുന്ന കെ റെയില്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. എല്ലാത്തിനെയും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ എതിര്‍ക്കുന്നത് ഒഴിവാക്കണം.
സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാനകരമായ പദ്ധതിയായ നോളജ് ഇക്കണോമി മിഷന്‍റെ തൊഴില്‍ മേളകളിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ധ്യവും ഉള്ളവരെ തൊഴില്‍ ദായകരുമായി ബന്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. സംസ്ഥാനത്തും പുറത്തും വിദേശത്തും അഭിരുചിക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും-മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചാത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യാതിഥിയയായിരുന്നു. എച്ച്. സലാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കേരള നോളജ് ഇക്കണോമി മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ എം. സലീം പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാജേഷ്, പുന്നപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബി വിജയാനന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗം സുധര്‍മ ഭുവനചന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ജയ, ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ആര്‍. വിനോദ്, കെ-ഡിസ്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള അസാദ്, നോളജ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
72 സ്ഥാപനങ്ങള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ സംസ്ഥാനത്തും പുറത്തുമായി 15000ൽ അധികം തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്.
English Summary: must stand together for development for future generations: Minister Saji Cherian
You may like this video also