Site iconSite icon Janayugom Online

കേന്ദ്രത്തിനെതിരായ നിയമയുദ്ധത്തില്‍ ഒരുമിക്കണം: എം കെ സ്റ്റാലിന്‍

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ ബിജെപിയിതര സർക്കാരുകള്‍ ഒരുമിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച രാഷ്ട്രപതിയുടെ നടപടി ഒന്നിച്ച് ചെറുക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങള്‍ക്ക് സ്റ്റാലിൻ കത്തയച്ചു. 

കേരളം, കർണാടക, തെലങ്കാന, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് സ്റ്റാലിൻ കത്തെഴുതിയത്. ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി കോടതിക്കുമുമ്പാകെ സഹകരണ നിയമ തന്ത്രം അവതരിപ്പിക്കേണ്ടതുണ്ടെന്ന് കത്തില്‍ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ ദ്രുത​ഗതിയിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നതായും കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.‌

മേയ് 13ന് കേന്ദ്ര സർക്കാരിന്റെ ഉപദേശപ്രകാരം ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയിൽ 14 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രധാന വിധിയെ ചോദ്യം ചെയ്താണ് രാഷ്ട്രപതി റഫറൻസ് തേടിയത്. ഈ റഫറൻസ് ഏതെങ്കിലും സംസ്ഥാനത്തെയോ വിധിന്യായത്തെയോ പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും തമിഴ്‌നാട് ​ഗവർണർ ആർ എൻ രവിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലുള്ള സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നു. റഫറൻസ് തേടാൻ രാഷ്ട്രപതിയോട് ഉപദേശിച്ചത് കേന്ദ്രത്തിന്റെ തന്ത്രമാണെന്നും മുഖ്യമന്ത്രിമാർ ഒപ്പം നിൽക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Exit mobile version