എറണാകുളം മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി മരിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ നെഞ്ചിലും തലയിലുമുണ്ടായ ക്ഷതത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ പൊലീസ് 10 പേരെ കസ്റ്റഡിയില്‍ എടുത്തു.
ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണിലാണ് അശോക് ദാസിനെ നാട്ടുകാര്‍ ചേര്‍ന്നു കെട്ടിയിട്ടു മര്‍ദിച്ചത്. അവശനിലയിലായ അശോക് ദാസിനെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു മാറ്റാനുള്ള നീക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനം നടത്തിയതിനാണ് ഒരു സംഘം ഇയാളെ ഓടിച്ചിട്ടു പിടികൂടി കെട്ടിയിട്ടതെന്നാണ് ആരോപണം. യുവതിയുടെ വീട്ടില്‍ ബഹളം വച്ച് കയ്യിലും വസ്ത്രത്തിലും രക്തവുമായി എത്തിയ ആളെ സംശയം തോന്നി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പെണ്‍ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു 10 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് അശോക് ദാസിന്റെ ബന്ധുക്കള്‍ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
English Summary:
Muvatupuzha mob attack; A native of Arunachal, who was undergoing treatment, died of head and chest injuries
You may also like this video: