ഇതരമതത്തിൽപെട്ട വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മർദിപ്പിക്കുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത അധ്യാപികയ്ക്കെതിരെ കടുത്ത നടപടിയുമായി യുപി പൊലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ പുതുതായി ചുമത്തിയത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികള്‍ക്ക് മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണ്. വിശദമായ അന്വേഷണത്തിനുശേഷമാണ് ബാല നീതി വകുപ്പ് പ്രകാരം ഉള്ള കുറ്റം കൂടി ചേർക്കാൻ തീരുമാനിച്ചത് എന്ന് യുപി പൊലീസ് അറിയിച്ചു.
നേരത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാല്‍ താൻ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ, മറ്റുകുട്ടികളെകൊണ്ട് തല്ലിച്ചതാണെന്നുമായിരുന്നു തൃപ്‌തി ത്യാഗിയുടെ വിശദീകരണം. സംഭവത്തിന് പിന്നിൽ വർഗീയ താത്പര്യം ഇല്ലെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമാകുകയും, തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.
English Summary: Muzaffarnagar Slapping Case: UP Police Converts NCR Into FIR Against Teacher, Adds JJ Act’s Provision Concerning ‘Child Cruelty’
You may also like this video