Site iconSite icon Janayugom Online

വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഐ(എം) ഏറ്റെടുക്കുമെന്ന് എം വി ഗോവിന്ദന്‍

ആത്മഹത്യ ചെയ്ത വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജയന്റെ കുടുംബത്തിനല്ല,കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സിപിഐ(എം) വിജയന്റെ കുടുംബത്തിനൊപ്പമാണ്. ജീവിതത്തെ ധൈര്യപൂര്‍വം നേരിടണമെന്നു പറഞ്ഞു. ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുക്കണം. ഇല്ലെങ്കില്‍ കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ ആ ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കും. ഐ സി ബാലകൃഷ്ണനെ കാണാനില്ല 

കര്‍ണാടകയില്‍ കല്യാണത്തിലാണെന്നാണു പറഞ്ഞത്. ഏത് കാട്ടിലാണെന്നാര്‍ക്കറിയാം. 15 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി പറഞ്ഞപ്പോഴാണു വിഡിയോയുമായി എംഎല്‍എ രംഗത്തു വന്നത്. എംഎല്‍എയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ബാലകൃഷ്ണന്‍ എത്രയും പെട്ടന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.2.10 കോടി രൂപ വിജയനു ബാധ്യതയുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ചെക്ക് കൊടുത്തതും മറ്റും വേറെ. പണം നല്‍കിയ നിരവധി പേര്‍ പരാതി നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇവരും രംഗത്തെത്തും. കടം ഏറ്റെടുക്കുന്ന കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരുറപ്പും നല്‍കിയില്ലെന്നു കുടുംബം പറഞ്ഞു. അന്തവും കുന്തവുമില്ലാത്ത കുടുംബമെന്നാണു കെ സുധാകരന്‍ പറഞ്ഞത്. വി ഡി സതീശന്‍ പറഞ്ഞത് കുടുംബം ഞങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ്. മുഴുവന്‍ കളവാണെന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ മൂന്നു പേരും കുടുംബത്തെ തള്ളിപ്പറഞ്ഞാണു രംഗത്തെത്തിയത്.ജീവിച്ചിടത്തോളം കാലം എന്‍ എം വിജയന്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചു.

മരണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വമാണ്. കണ്ണൂരില്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ ദിവസം മുഴുവനും ചര്‍ച്ച നടത്തി. ആത്മഹത്യയ്ക്കു പ്രേരണ നല്‍കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് എന്നാരോപിച്ചായിരുന്നു ചര്‍ച്ച. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയെന്ന നിലയില്‍ ദിവ്യയെ നവീന്റെ സംസ്‌കാരത്തിനു മുന്‍പുതന്നെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നു മാറ്റി നിര്‍ത്തി. നവീന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും പറഞ്ഞിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Exit mobile version