Site iconSite icon Janayugom Online

പാലക്കാട് മണ്ഡലത്തില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനു പിന്നില്‍ സതീശനും, ഷാഫിയുമെന്ന് എം വി ഗോവിന്ദന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനും,ഷാഫി പറമ്പിലും ചേര്‍ന്നുണ്ടാക്കിയ പ്രത്യേക പാക്കേജ് പ്രകാരമാണ് പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ വിവാദം നില്‍ക്കുകകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ജില്ലാ നേതൃത്വം തന്നെ ഏകകണ്ഠമായ രീതിയിൽ കെ മുരളീധരനെ ആണ് മത്സരിപ്പിക്കേണ്ടത് എന്ന അഭിപ്രായം രേഖപ്പെടുത്തി എന്ന കാര്യം കൃത്യമായി പുറത്തുവന്നിരിക്കുകയാണ്. അത് പരിഗണിക്കാതെ രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ രണ്ടുപേരാണ്. ഒന്ന് വി ഡി സതീശൻ, മറ്റൊന്ന് ഷാഫി പറമ്പിൽ. കോൺഗ്രസിനകത്ത്‌ ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുപക്ഷത്തിനനുകൂലമായ രാഷ്ട്രീയസാഹചര്യം കൂടുതൽ ശക്തമായി അവിടെ നിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

ഇടതുപക്ഷ സ്ഥാനാർത്ഥിയായി സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്നും എം വി ഗോവിന്ദൻ കുട്ടിച്ചേർത്തു.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കിയ കത്താണ്‌ പുറത്തുവന്നത്‌.തീവ്രവാദ സ്വഭാവമുള്ള ജമാ — അത്തെ ഇസ്‌ലാമിയും അതിനൊപ്പം നിൽക്കുന്ന എസ്‌ഡിപിഐയുമായി ചേർന്ന്‌ മുസ്ലിം ലീഗ്‌ പ്രവർത്തിക്കുകയാണ്‌.

ലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിന്റെ മേലെ, ഇത്തരം തീവ്രവാദ സംഘടനകൾക്ക്‌ ആശയപരമായ ശേഷി കൈവരിക്കാനായി. ഇത്‌ 18-ാം ലോകസഭാ തെരഞ്ഞെടുപ്പു മുതൽ പ്രകടമായി. ഇത്‌ മതനിരപേക്ഷ കേരളത്തിന്‌ അപകടരമാണ്‌.കെ സുധാകരന്റെ കൊലവിളി പ്രസംഗത്തെക്കുറിച്ച്‌ ചാനലുകൾ ചർച്ച ചെയ്യുന്നില്ല. ഇടതുപക്ഷക്കാരാണ്‌ അത്തരം ചർച്ച നടത്തിയിരുന്നുവെങ്കിൽ എത്രദിവസം ചർച്ച നടത്തുമായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Exit mobile version