Site iconSite icon Janayugom Online

ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് എം വി ഗോവിന്ദന്‍

ധാര്‍മികയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. രാഹുലിനെതിരെ തെളിവുകളുണ്ട്. രാജി കേരളത്തിന്റെ പൊതുവികാരമാണ്. നടനും എം.എൽ.എയുമായ മുകേഷിനെതിരെ ആരോപണം മാത്രമാണ് അന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു എംഎല്‍എക്ക് എതിരായി ഇത്ര വ്യക്തതയോടുകൂടിയ തെളിവുകളുടെ പെരുമഴ പ്രവാഹം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. കേരളത്തിന്റെ എല്ലാ മേഖലകളില്‍നിന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ഉയര്‍ന്നു വരികയാണ്.

ഇത്ര ഗുരുതരമായ തെളിവുകളോടുകൂടി വന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ രാജിവെക്കുകയാണ് ചെയ്യേണ്ടത് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു .ആരെയെങ്കിലും സംരക്ഷിക്കാന്‍വേണ്ടി സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ കേരളീയ സമൂഹം അത് ഒരുതരത്തിലും അംഗീകരിച്ചു കൊടുക്കില്ല. അതാണ് വളരെ പെട്ടെന്നുതന്നെ വിവാദ പരാമര്‍ശം നടത്തിയ ശ്രീകണ്ഠന് അത് തിരുത്തേണ്ടി വന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ അന്ന് വന്നത് ഒരു ആരോപണമായിരുന്നു. അതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ആരോപണമല്ല. ഇത് പൂര്‍ണമായ തെളിവാണ്.

അതിനെ മൂടി വെച്ചുകൊണ്ട് വേറെ എന്തെല്ലാം വിശദീകരിച്ചാലും ആ വിശദീകരണവുമായി ഒരു തരത്തിലും മുന്നോട്ടുപോകാന്‍ സാധിക്കില്ല. കാര്യങ്ങള്‍ മുഴുവന്‍ കൃത്യമായി സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടില്ലേ. യാതൊരു ഉളുപ്പുമില്ലാതെ ആരോപണങ്ങളെ സമീപിക്കുന്ന ആളുകളോട് വേറൊന്നും പറയാനില്ല. രാഹുലിന്റെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ് ആണ് മറുപടി പറയേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Exit mobile version