മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം 21 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 17 സീറ്റുകളിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 10 ഇടങ്ങളിലും മത്സരിക്കും. ആകെ 48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര.
മുംബൈയിലെ ആറില്‍ നാല് സീറ്റുകളിലും ശിവസേന യുബിടി മത്സരിക്കും. നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് ഈസ്റ്റ് മുംബൈ സീറ്റുകളിലാണ് സേന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. നോര്‍ത്തിലും നോര്‍ത്ത് സെന്‍ട്രല്‍ മുംബൈയിലും കോണ്‍ഗ്രസ് മത്സരിക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ശിവസേനയ്ക്ക് ഈ ആറില്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കാനായിരുന്നു. മൂന്ന് സീറ്റ് ബിജെപിയും നേടി.
എംവിഎ സഖ്യത്തില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിജയത്തിലെത്തിയില്ല. വിബിഎ 20 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അകോല മണ്ഡലത്തില്‍ പ്രകാശ് അംബേദ്കര്‍ മത്സരിക്കും.
ബിജെപി, ഏകനാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നിവയുടെ സഖ്യമായ ‘മഹായുതി‘ക്കെതിരെയാണ് ഇന്ത്യ സഖ്യത്തിന്റെ പോരാട്ടം. മഹായുതിയില്‍ സീറ്റ് വിഭജനത്തിൽ രൂക്ഷമായ ഭിന്നതയുണ്ടായി. ഇത് വന്‍ തിരിച്ചടിയായി മാറിയേക്കുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.
English Summary: MVA seat allotment completed in Maharashtra
You may also like this video