Site iconSite icon Janayugom Online

നിയമലംഘകരെ പിടിക്കാൻ എംവിഡിയുടെ സിവിക് ഐ; എംവിഡി ലീഡ്‌സ് ആപ്പ് സുസജ്ജം

ഗതാഗത നിയനം കാറ്റിൽ പറത്തി വിഹരിക്കുന്നവർക്ക് കൂച്ചിവിലങ്ങിടാൻ വീണ്ടും എംവിഡി. എംവിഡി ലീഡ്‌സ്, സിവിക് ഐ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. സ്‌കൂൾ തലം മുതൽ എല്ലാ വിഭാഗത്തിലുള്ളവരിലേക്കും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

കെഎസ്ആർടിസി കൺസഷന് ഉൾപ്പെടെ സാധ്യമാക്കുന്ന സംവിധാനവുമുണ്ടാകും. ജീവനക്കാരും ഇൻസ്ട്രക്ടർമാരുമുൾപ്പെടെ ആപ്പിലൂടെ മാസം കൂടുമ്പോൾ പരീക്ഷ പാസാകുകയും വേണം. ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു സ്വാഗതം പറഞ്ഞു. കെഎസ്ആർടിസിസി എംഡി പ്രമോജ് ശങ്കർ, കെഎസ്ആർടിസി ഫിനാൻഷ്യൽ അഡൈ്വസർ ഷാജി എന്നിവർ പങ്കെടുത്തു. റോഡ് അടയാളങ്ങൾ, റോഡ് മാർക്കിംഗുകൾ ആപ്പിൽ ഡ്രൈവിംഗ് സിദ്ധാന്തം, എന്നിവയെക്കുറിച്ചുള്ള പഠനസാമഗ്രികൾ, ഡ്രൈവിംഗ് വിദ്യകൾ, ചോദ്യബാങ്കുകൾ, പരീക്ഷയെ അനുകരിക്കുന്ന മോക്ക് ടെസ്റ്റുകൾ എന്നിവ ലഭിക്കും. 

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിവിക് ഐ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളിലും ആപ്പ് ലഭ്യമാകും. ഇത് കൂടുതൽ സ്വീകാര്യത ആപ്പിന് ലഭ്യമാക്കും. ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ക്യാമറ തുറക്കുന്നതിനാൽ പെട്ടെന്ന് ഫോട്ടോ എടുക്കാൻ കഴിയും. ജിയോ ടാഗിംഗിനൊപ്പം വീഡിയോ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകുന്നുണ്ട്. ഗതാഗത വകുപ്പിന്റെ വിർച്വൽ പിആർഒയുടെയും മാസ്‌കോട്ടായ ഓഫീസർ മോട്ടുവിൻറെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Exit mobile version