Site icon Janayugom Online

എന്റെ തൊഴിൽ, എന്റെ അഭിമാനം: രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷത്തിലധികം പേര്‍

Ente thozhil

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തത് 44 ലക്ഷത്തിലധികം പേര്‍. കുടുംബശ്രീയുടെ നേതൃത്വത്തിൽ മേയ് എട്ടിന് രാവിലെ ആരംഭിച്ച സർവേ ഇന്നലെയോടെ സമാപിച്ചു. അന്തിമ കണക്കുകൾ ഇന്ന് ലഭ്യമാകും. 

തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എറണാകുളം ജില്ലയിലെ സർവേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് ശേഖരിച്ചത്. ഇന്നലെവരെ രജിസ്റ്റർ ചെയ്ത 44,07,921 തൊഴിൽ അന്വേഷകരിൽ 59 ശതമാനം പേരും സ്ത്രീകളാണ്. 72,735 കുടുംബശ്രീ വളണ്ടിയർമാർ 65,54,725 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. 5,37,936 പേർ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പേർ രജിസ്റ്റർ ചെയ്തത് 1,41,080 പേർ. ആകെ രജിസ്റ്റർ ചെയ്തവരിൽ 5,09,051 പേർ 20 വയസിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയിൽ പ്രായമുള്ള 24,07,680 പേരും 31നും 40നും ഇടയിലുള്ള 10, 35,376 പേരും 41നും 50നും ഇടയിലുള്ള 3,54,485 പേരും, 51നും 56നും ഇടയിലുള്ള 87,492 പേരും 56നും 59നും ഇടയിലുള്ള 13,837 പേരും രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരിൽ 13,47,758 പേർ ബിരുദധാരികളും 4,41,292 പേർ ബിരുദാനന്തര ബിരുദമുള്ളവരുമാണ്. 

സർവേയ്ക്ക് നേതൃത്വം നൽകിയ കുടുംബശ്രീ എന്യൂമറേറ്റർമാരെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അഭിനന്ദിച്ചു. തൊഴിൽ അന്വേഷകരെ തേടി സർക്കാർ വീടുകളിലേക്ക് എത്തുന്നത് രാജ്യത്ത് തന്നെ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു. സർവേയുടെ തുടർച്ചയായി തൊഴിൽ ഒരുക്കുന്ന പ്രക്രിയയിലും കുടുംബശ്രീ സുപ്രധാന പങ്ക് വഹിക്കുമെന്നും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഇതിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: My job, my pride: over 44 lakh registered

You may like this video also

Exit mobile version