Site iconSite icon Janayugom Online

മ്യാൻമറില്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 17 പേർ കൊല്ലപ്പെട്ടു

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പൊന്നാഗ്യുൻ ടൗൺഷിപ്പിലെ യോംഗു ഗ്രാമത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 

മ്യാൻമർ സൈന്യം പിന്തുണയ്ക്കുന്ന ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് വിജയം അന്താരാഷ്ട്ര നിരീക്ഷകർ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഈ പുതിയ കൂട്ടക്കുരുതി. കഴിഞ്ഞ ആഴ്ചകളിൽ നടന്ന തെരഞ്ഞെടുപ്പ് തികച്ചും പ്രഹസനമാണെന്ന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ വിമർശിച്ചിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഡെമോക്രാറ്റിക് വോയ്‌സ് ഓഫ് ബർമ്മ റിപ്പോര്‍ട്ട് ചെയ്തു. 

വംശീയ സായുധ ഗ്രൂപ്പായ അരാകൻ ആർമി 2024 മാർച്ചിൽ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത ഗ്രാമമാണ് യോംഗു. തങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടുപോയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള നീകത്തിന്റെ ഭാഗമായിയാണ് ഈ വ്യോമാക്രമണം. 2021‑ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമർ കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ സൈന്യം അടിച്ചമർത്തിയതോടെയാണ് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയത്. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൈനിക പിന്തുണയുള്ള പാർട്ടി വിജയിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമം വീണ്ടും വർദ്ധിച്ചുവരികയാണ്.

Exit mobile version