Site icon Janayugom Online

മെെസൂരു കൂട്ടബലാത്സംഗക്കേസ്; പ്രതികളിലെത്തിയത് ബസ് ടിക്കറ്റുകള്‍ കേന്ദ്രീകരിച്ച അന്വേഷണം

ചാമുണ്ഡിഹില്‍സ് കൂട്ടബലാല്‍സംഗ കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ രണ്ട് ബസ് ടിക്കറ്റുകള്‍. തമിഴ്‍നാട്‍ ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസ് ടിക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിഞ്ഞ് 12 മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടാന്‍ കര്‍ണാടക പൊലീസിനെ സഹായിച്ചത്. കേസില്‍ പ്രതികളായ അഞ്ച് പേരെ തമിഴ്‍നാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.

തമിഴ്‍നാട്ടിലെ തലവടിയില്‍ നിന്നും ചാമരാജനഗറിലേക്കുള്ള രണ്ട് പേരുടെ ബസ് ടിക്കറ്റുകളാണ് പൊലീസിന് ലഭിച്ചത്. ആക്രമണം നടന്ന മെെസുരുവിലെ സ്ഥലത്തെയും ചാമരാജനഗറിലേയും തലവടിയിലേയും മൊബെെല്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ബസ് ടിക്കറ്റ് ഉപയോഗിച്ച രണ്ട് പേരില്‍ നിന്നാണ് മറ്റ് മുന്ന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

തമിഴ്‍നാട് എക്സെെസ് വകുപ്പിന്റെ സീലുള്ള മദ്യക്കുപ്പികളും പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെ‍ടുത്തിരുന്നു. ഫോറന്‍സിക് വിഭാഗം കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും പ്രതികളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതായും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. പ്രതികളിലൊരാള്‍ കൊലപാതക കേസിലെ പ്രതി കൂടിയാണ്. പ്രതികളെ പത്തുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിലായവരെ ചാമുണ്ഡിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

അതേസമയം പെണ്‍കുട്ടി മൊഴി നല്‍കാതെ നഗരം വിട്ടതായി പൊലീസ് പറഞ്ഞു. നേരത്തെ പൊലീസ് മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടി സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയാകാത്തതിനാല്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടി കുടുംബത്തോടൊപ്പം നഗരം വിട്ടതായും മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Mysore gang-rape case; The inves­ti­ga­tion focused on the bus tick­ets that reached the accused
You may also like this video

Exit mobile version