മരണത്തിലും ദുരൂഹതകള്‍ ബാക്കിയാക്കി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിന്നും ഒരു മുഖംകൂടി മാഞ്ഞു. രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജന്മനാടായ ഗാസിപൂരില്‍ സംസ്കരിച്ചു. മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് അഞ്ചംഗ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതായി റാണി ദുർഗാവതി മെഡിക്കൽ കോളജ് വൃത്തങ്ങള്‍ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോൾ ബന്ധുക്കളും മുറിയിൽ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ശരീരത്തിനുള്ളിൽ വിഷം കലർന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ജയിലില്‍ നിന്നും അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിതാവിന് മതിയായ ചികിത്സ നൽകിയില്ലെന്നും മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചിരുന്നു. ജയില്‍ അധികൃതര്‍ മരണം നേരിട്ട് അറിയിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം പിതാവിനെ കാണാന്‍ ജയിലില്‍ പോയെങ്കിലും അനുമതി നല്‍കിയില്ലെന്നും ഉമര്‍ അന്‍സാരി പറഞ്ഞു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് പ്രയാഗ്‌രാജ്, ഭദോഹി, കൗസാംബി, വാരാണസി തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് മുഖ്താര്‍ അന്‍സാരിയുടെ ജന്മനാടായ ഗാസിപൂരിലെത്തിയത്.
മുഹമ്മദാബാദിലെ കാളിബാഗിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാരം. ഗാസിപൂരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ബാരിക്കേഡുകള്‍ മറികടന്ന് ആളുകള്‍ ശ്മശാനത്തിലേക്ക് എത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കസ്ഗഞ്ചിലെ ജയിലില്‍ കഴിയുന്ന മൂത്ത മകന്‍ അബ്ബാസ് അന്‍സാരിക്ക് പരോള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല. 2022ൽ എട്ടുകേസുകളിൽ ശിക്ഷിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ബാന്ദ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ മവു നിയമസഭാമണ്ഡലത്തിൽനിന്ന് അഞ്ച് തവണ എംഎൽഎയായ ഇദ്ദേഹം രണ്ടുതവണ ബിഎസ്‌പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് വിജയിച്ചത്.
English Summary:Mysteries remain; Mukhtar Ansari’s funeral in the presence of a large crowd
You may also like this video