Site icon Janayugom Online

‘പെണ്‍കുട്ടി സുഹൃത്തിനൊപ്പം പോയതാണ് പ്രശ്നം’: മൈസൂര്‍ പീഢനക്കേസില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി

മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ എംബിഎ വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. ‘ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്? ‘, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം’ എന്നിങ്ങനെയുള്ള മന്ത്രിയുടെ പ്രസ്താവനകളാണ് വിവാദമായിരിക്കുന്നത്.

കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയായ എം അരഗ ജ്ഞാനേന്ദ്ര കുറ്റപ്പെടുത്തി. കോൺഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‘പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു’, ‘ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ’ എന്നും മന്ത്രി പറഞ്ഞു.

അതേസമയം കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയും കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് ഒരുവിവരവും ലഭിച്ചിട്ടില്ല.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍വച്ച് എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ മര്‍ദ്ദിച്ചവശനാക്കിയശേഷമാണ് മദ്യലഹരിയിലായിരുന്ന അഞ്ചുപേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൈസൂരുവില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ചാമുണ്ഡി ഹില്‍സ്.

മൈസൂരുവില്‍ എംബിഎയ്ക്ക് പഠിക്കുന്ന കര്‍ണാടകയ്ക്ക് പുറത്തുനിന്നുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്കുള്ള വിജനമായ പാതയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. അഞ്ചംഗസംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ വിജനമായ ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇതിനുശേഷം പ്രതികള്‍ കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. അവശരായ വിദ്യാര്‍ത്ഥികളെ ശ്രദ്ധയില്‍പ്പെട്ട ചില വഴിയാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതർ അലനഹള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രത്യേകസംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മൈസൂരു പൊലീസ് കമ്മിഷണര്‍ ചന്ദ്രഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കേസ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like this video:

Exit mobile version