Site iconSite icon Janayugom Online

നായാട്ട്

ഈ കൊടും കാട്ടിലെ പാട്ടും
പാട്ടായി പൂക്കുന്ന നാടും 
നായാട്ടിനിറങ്ങുന്ന വേടനും
വേട്ടയ്ക്കൊരുങ്ങുന്ന നാടനും 

കാട്ടിലെ മേടും മേട്ടിലെ ഊരും
ഊരിലെ പാട്ടും കൂരിരുൾ കാടും 
ഈ മേടുകൾ അമർത്തി ചവിട്ടി
ഞെരിച്ചിടും പാദങ്ങൾ ആരുടേതാവോ 

കാട്ടിലെ കാടൻ തെന്നിതെറിച്ചിട്ടു
വീണിതോ ഏതൊരു നാട്ടിൽ 
നാട്ടിലെ പാലകർ തുരത്തി പിടിച്ചി-
ട്ടടച്ചിടും കാടനെ കൂട്ടിൽ 

കൂട്ടിൽ അടച്ചിടും കാടനെ
തോട്ടിയാൽ ചിട്ട പഠിപ്പിക്കും നാട് 
വെട്ടം തെളിഞ്ഞാലോ വേട്ട തുടങ്ങിടും
കാടൻ പെട്ടു ഈ നാട്ടിൽ 

കാനനപാട്ടിനെ വെട്ടിപിടിക്കുവാൻ
പടച്ചട്ടയണിഞ്ഞൊരു കൂട്ടം 
ചിട്ട പഠിപ്പിച്ചാ കാടനെ ചൂണ്ടയിൽ
കറക്കി കൊളുത്തി ആ കാട്ടിലിട്ടു 

കാട്ടിലെ ജീവികൾ കാടനെ കാണുവാൻ 
വട്ടത്തിൽ വന്നു തടിച്ചു കൂടി 
വട്ടത്തിൽ കൂടിയ കാടരെ നാട്ടാരു
മൊത്തത്തിൽ കെട്ടി വലിച്ചെടുത്തു 

ഓരോരോ കൂട്ടിലായി അടച്ചിട്ടു കാടരെ
നാട്ടിലെ ചിട്ടയിൽ ചേർത്തുകെട്ടി 
മിച്ചം വന്നൊരാ കാടിനെ ഇന്നവർ
നാടിന്റെ തട്ടകമാക്കിടുന്നു 

മേടുകൾ ചെത്തി പൊളിച്ചിടുന്നു
ഊറ്റുറവകൾ വറ്റിച്ചെടുത്തിടുന്നു 
തോടുകൾ താണ്ടിയാ കാടിനെ ഒട്ടാകെ
മൂട്ടപ്പോൾ മോന്തിക്കുടിച്ചിടുന്നു 

മൊത്തമായ് വിഴുങ്ങിയ കാടിനെ
നാട്ടുകാരിന്നും ഗർഭം ധരിച്ചിടുന്നു 
പെറ്റു പുറത്തിടും കുഞ്ഞിനെ തൊട്ടിലി-
ട്ടാട്ടിയാട്ടിയവർ പാടിടുന്നു 

കാട്ടിലെ പാട്ടുകൾ കേട്ടു വളർന്നിടും
ഈ കുഞ്ഞു പാദം വിടർന്നിടുന്നു 
വീണ്ടുമാ പാദം അമർത്തുന്നു മേടുകൾ 
വീണ്ടുമാ കാടിനെ ധരിക്കുന്നു ഗർഭമായ്

Exit mobile version