നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
മൂന്ന് മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് നാദിർഷയുമായി പങ്കുവെച്ചിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. ദിലീപിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷ. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെ നാദിർഷ പ്രതികരിച്ചിരുന്നു. ദിലീപുമായുള്ള അടുപ്പം കണക്കിലെടുത്താണ് നാദിർഷയെ ചോദ്യം ചെയ്തത്.
രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘമാണ് നാദിർഷയെ ചോദ്യം ചെയ്തത്. അതേസമയം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചാർട്ടേർഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്.
വധഗൂഢാലോചന കേസിൽ പ്രതികൾ ഹാജരാക്കിയ ആറ് ഫോണുകളിൽ നിന്നു നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. കൂടാതെ, ഫലം ലഭിച്ചാലുടൻ പ്രതികളെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ദിലീപിന് ഉടൻ നൽകിയേക്കും. ഫോൺ പരിശോധന രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
emglish summary; Nadirsha was questioned by the crime branch
you may also like this video;