Site iconSite icon Janayugom Online

അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കി

സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 1958 ലെ അഫ്സ്പ നിയമം റദ്ദാക്കണമെന്ന പ്രമേയം നാഗാലാൻഡ് നിയമസഭ ഐക്യകണ്ഠേന പാസ്സാക്കി. മോൺജില്ലയിൽ സെെന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. നാഗാലാൻഡിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ ഇത് സഹായകരമാവുമെന്നും പ്രമേയത്തിൽ സൂചിപ്പിക്കുന്നു. 

വിവാദ അഫ്സ്പ നിയമം റദ്ദ് ചെയ്യണമെന്ന പ്രമേയം പാസ്സാക്കുന്നതിന് മുഖ്യമന്ത്രി നെയ്ഫിയു റിയോ നേത്യത്വം നൽകി. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് സമാധാന ചർച്ചകൾക്കും അദ്ദേഹം മുൻകയ്യെടുത്തിരുന്നു.‘നാഗാലാൻഡും നാഗാ ജനതയും എക്കാലവും അഫ്സ്പയെ എതിർത്തിട്ടുണ്ട്. ഇത് റദ്ദാക്കണം, എന്ന് റിയോ നേരത്തെ പ്രഖ്യപിച്ചതാണ്.സുരക്ഷ സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരി വർഗത്തോട് മാപ്പപേക്ഷ നടത്താനുള്ള പ്രേരണ ശക്തമാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു. നീതി നടപ്പാക്കുന്നതിനും സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും പൊതുജനങ്ങൾ സർക്കാർ ഏജൻസികളുമായി സഹകരിക്കണമെന്നും സഭ അഭ്യർത്ഥിച്ചു. അതേസമയം വിവാദ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്. 

നാഗാലാൻഡിലെ മോണിൽ സൈന്യം നടത്തിയ വെടിവെപ്പിൽ 15 ഗ്രാമീണരായിരുന്നു കൊല്ലപ്പെട്ടത്. കൽക്കരി ഖനിയിൽ ജോലി കഴിഞ്ഞു മടങ്ങിവരികയായിരുന്ന ഗ്രാമീണരാണ് സൈന്യത്തിന്റെ നടപടിയിൽ കൊല്ലപ്പെട്ടത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് സൈന്യം ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം.
eng­lish sum­ma­ry; Naga­land Assem­bly Adopts Unan­i­mous Res­o­lu­tion for the Repeal of AFSPA
you may also like this video;

Exit mobile version