നാഗാലാന്‍ഡ് കൂട്ടക്കുരുതിക്കു പിന്നാലെ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്‌പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫിയു റിയോ അറിയിച്ചു. കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്റെ തീരാദുരിതത്തിന് കാരണമായ അഫ്‌സ്‌പ പിന്‍വലിക്കപ്പെടേണ്ട നിയമമാണെന്നാണ് സൈനിക വെടിവയ്പ്പില്‍ മരിച്ച ഗ്രാമീണരുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കവെ മുഖ്യമന്ത്രി റിയോ പറഞ്ഞിരുന്നു. നിയമം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. മോണിലെ ദാരുണ സംഭവത്തിനു പിന്നാലെ നാഗാലാന്‍ഡിലെ വാര്‍ഷിക ഉത്സവമായ ഹോണ്‍ ബില്‍ ഫെസ്റ്റിവലില്‍ നിന്നും ഗോത്ര സംഘടനകള്‍ പിന്മാറിയിരുന്നു. ഉത്സവം ഔദ്യോഗികമായി നിര്‍ത്തിവയ്ക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ശനിയാഴ്ച വൈകിട്ടാണ് മോണ്‍ ജില്ലയിലെ ഓട്ടിങ് മേഖലയില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കു നേരെ സുരക്ഷ സേന വെടിവയ്പ് നടത്തിയത്.
സംഭവത്തില്‍ 15 ഗ്രാമീണരാണ് കൊലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സൈനികനും കൊല്ലപ്പെട്ടു.
English Summary: Nagaland calls for withdrawal of AFSPA
You may like this video also