സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ പൊലീസ് അന്വേഷണത്തിന് അനുമതി. സംഭവവുമായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ നാഗാലാന്‍ഡിലെ പ്രത്യേക അന്വേഷണ സംഘത്തിന് അധികൃതര്‍ അനുമതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 സൈനികരുടെ മൊഴി രേഖപ്പെടുത്തുന്നത് ഈയാഴ്ചയോടുകൂടി പൂര്‍ത്തിയാകുമെന്നാണ് സൂചന. എന്നാല്‍, സൈനികരെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകുമോ അതോ തയാറാക്കപ്പെട്ട സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാഗാലാന്‍ഡില്‍ നിലവിലുള്ള സായുധ സേനാ പ്രത്യേകാവകാശ നിയമം(അഫ്സ്‌പ) സൈന്യത്തിന് പ്രത്യേക പരിരക്ഷയും നല്‍കുന്നുണ്ട്.
അതേസമയം, സൈനിക കോടതിയുടെ അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ഇപ്പോള്‍ നാഗാലാന്‍ഡിലുണ്ട്. മേജര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവയ്പ് നടന്ന പ്രദേശം സന്ദര്‍ശിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്ക് സൈന്യം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ നാലിനാണ് സംഭവം നടന്നത്. സൈനികരുടെ വെടിവയ്പ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധത്തില്‍ ഒരു സൈനികനും ജീവന്‍ നഷ്ടമായി.
English Summary: Nagaland shooting: Troops to be questioned
You may like this video also