Site iconSite icon Janayugom Online

നാഗ്പൂര്‍ സംഘര്‍ഷം; ബുള്‍ഡോസര്‍ നടപടിയില്‍ മാപ്പപേക്ഷിച്ച് അധികൃതര്‍

നാഗ്‌‌പൂര്‍ കലാപത്തില്‍ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഫഹിം ഖാന്റെ വീട് പൊളിച്ചുമാറ്റിയ സംഭവത്തില്‍ ബോംബെ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേധാവി. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുനിസിപ്പല്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നില്ലെന്നും നാഗ്പൂര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ അഭിജിത്ത് ചൗധരി കോടതിയെ അറിയിച്ചു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ നിതിന്‍ സംബ്രെ, വൃഷാലി ജോഷി എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് രണ്ടാഴ്ച സമയം നല്‍കി.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിഎച്ച്പി നടത്തിയ പ്രതിഷേധത്തിനിടെ ഖുറാന്‍ വചനങ്ങള്‍ കത്തിച്ചതാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. മാര്‍ച്ച് 17നായിരുന്നു സംഭവം. പിന്നാലെ അനധികൃത നിര്‍മ്മിതിയെന്നാരോപിച്ച് ആക്രമണക്കേസിലെ പ്രധാന പ്രതിയായ ഫഹിം ഖാന്റെ ഇരുനില വീട് മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കുകയായിരുന്നു. മാര്‍ച്ച് 24ന് വീടുകള്‍ പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ഖിന്റെ വീട് പൊളിക്കാനുള്ള നടപടി അധികൃതര്‍ നിര്‍ത്തിവച്ചു. നേരത്തെ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീട് ബുള്‍ഡോസ് ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Exit mobile version