Site iconSite icon Janayugom Online

ഫ്രീസറിൽ യുവഡോക്ടറുടെ നഗ്നമായ മൃതദേഹം കണ്ടെത്തി; ദുരൂഹത നീങ്ങുന്നില്ല

ഫ്ലോറിഡയിലെ മയാമിയിലുള്ള ഒരു ഡോളർ ട്രീ സ്റ്റോറിനുള്ളിലെ ഫ്രീസറിൽ യുവ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസ്(32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ സ്റ്റോറിലെ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ഇതൊരു കൊലപാതകമായി കണക്കാക്കാൻ സാധ്യതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. 

തലേദിവസം രാത്രി ഹെലൻ സ്റ്റോറിൽ എത്തുകയും ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഫ്രീസർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോവുകയുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഹെലൻ രാത്രി മുഴുവൻ ഫ്രീസറിനുള്ളിൽ ചെലവഴിച്ചു എന്നാണ് കരുതുന്നത്. ഹെലൻ എന്തിനാണ് ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഈ സ്ഥലത്തേക്ക് പോയതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. മാനസികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ഹെലന് ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിക്കരാഗ്വയിൽ നിന്നുള്ള ഡോക്ടറാണ് ഹെലൻ. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ സ്പെഷലൈസ് ചെയ്തിരുന്ന അനസ്തേഷ്യോളജിസ്റ്റ് ആയിരുന്നു അവർ. സംഭവം നടന്ന സ്റ്റോർ ആദ്യം അടച്ചുപൂട്ടിയെങ്കിലും പിന്നീട് അതേ ദിവസം തന്നെ വീണ്ടും തുറന്നുപ്രവർത്തനമാരംഭിച്ചു.

Exit mobile version