Site iconSite icon Janayugom Online

നക്ഷ പദ്ധതി തുടങ്ങി;നഗരങ്ങളിലെ ഭൂവിവരം ഡിജിറ്റലാകും:എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു

നഗരങ്ങളിലെ ഭൂമിയുടെ വിവരങ്ങൾ നക്ഷ സർവേയിലൂടെ ശേഖരിക്കുന്നു. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാമിന്റെ കീഴിൽ നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നാഷണൽ ജിയോ സ്പെഷ്യൽ നോളേജ് ബേസ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതിയിലൂടെയാണ് തിട്ടപ്പെടുത്തുന്നത്. ജില്ലയിൽ കാസർകോട് നഗരസഭയിലാണ് സർവേ തുടങ്ങിയത്. നഗരത്തിലെ സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതു സ്വത്തുക്കൾ, റെയിൽവേ വകുപ്പിന്റെ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ്‌സ്റ്റാൻഡ്, ഇടവഴികൾ, തോട്, ശ്മശാനം, ജല പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ, യുജിസി. ലൈൻ, ടെലിഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പെടെയുള്ളവ സർവേ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അളന്ന്‌ തിട്ടപ്പെടുത്തി കൃത്യമായ ഭൂരേഖകൾ പദ്ധതിയിലൂടെ തയ്യാറാക്കും.

ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച വ്യക്തിഗത തർക്കങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനും കൈയേറ്റങ്ങൾ തടയുന്നതിനും സർവേ സഹായിക്കും. കൃത്യമായ ഭൂരേഖകൾ ഫലപ്രദമായ നഗരാസൂത്രണം സുഗമമാക്കും. വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും അടിസ്ഥാനസൗകര്യങ്ങൾ ആസൂത്രണംചെയ്യാനും നിയന്ത്രണങ്ങൾ നടപ്പാക്കാനും പ്രാദേശിക സർക്കാരുകളെ പ്രാപ്തമാക്കുന്നതാണ് സർവേ. ഭൂവിനിയോഗ രീതികൾ വിലയിരുത്തുകയും ഭവനം, ഗതാഗതം തുടങ്ങിയ സേവനങ്ങളുടെ ലഭ്യത നിർണയിക്കും. 

വസ്തുവകകളുടെ മൂല്യങ്ങൾ വിലയിരുത്തുകയും നികുതികൾ ന്യായമായി ഈടാക്കുന്നതിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സഹായിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ അപകടസാധ്യത വിലയിരുത്തുന്നതിനും അടിയന്തര ആസൂത്രണത്തിനും വിഭവ വിനിയോഗത്തിനും അപ്‌ഡേറ്റ് ചെയ്ത ജിയോ നാഷണൽ ലാൻഡ് രേഖകൾ സഹായിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് മുനിസിപ്പൽ വനിതാ ഹാളിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. കളക്ടർ കെ ഇമ്പശേഖർ മുഖ്യപ്രഭാഷണം നടത്തി. റീസർവേ അസിഡയറക്ടർ ആസിഫ് അലിയാർ, ഷംസിദാ ഫിറോസ്, പി രമേഷ്, എം.ലളിത, കെ പി ഗംഗാധരൻ, സർവേ സൂപ്രണ്ട് കെ വി പ്രസാദ് എന്നിവർ സംസാരിച്ചു. 

Exit mobile version