Site iconSite icon Janayugom Online

ഉദ്ഘാടനത്തിന് തയ്യാറായി നഗരത്തിന്റെ നാൽപ്പാലം

ഉദ്ഘാടനത്തിന് തയ്യാറായി നഗരത്തിന്റെ നാൽപ്പാലം. ഇനി ശേഷിക്കുന്നത് വൈദ്യുതീകരണവും ടൈൽപാകലുമാണ്. ഈ മാസം അവസാനം തുറന്നു നൽകാനാണ് തീരുമാനം. റിങ് റോഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയായി. നിലവിൽ നാൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. പാലങ്ങളുടെ കൈവരികളുടെ പെയ്ന്റിങ് ജോലികൾ നടക്കുകയാണ്. 

വൈദ്യുതീകരണത്തിനും ടൈൽ വിരിക്കാനും നിലവിലെ പ്രോജക്ടിൽ ഫണ്ടില്ലാത്തതിനെ തുടർന്നു പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിലാണ് നഗരത്തിന്റെ പ്രതാപക്കാഴ്ചയായിരുന്ന മുപ്പാലം പൊളിച്ച് നാൽപാലം നിർമിക്കാൻ നടപടി ആരംഭിച്ചത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മുന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുള്ള മറ്റൊരു പാലവും ഉൾപ്പെടുന്നതാണ് ‘നാൽപാലം’. 17.44 കോടി നിർമാണ ചെലവ്. ബ്രിട്ടിഷ് ഭരണ കാലത്ത് നിർമിച്ച മുപ്പാലം സിനിമകളിലൂടെയും ആൽബങ്ങളിലൂടെയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് മുപ്പാലം പൊളിക്കാൻ തീരുമാനിച്ചത്. നാൽപാലം കേന്ദ്രീകരിച്ച് വിനോദസഞ്ചാര സാധ്യതകൾ നടപ്പാക്കാനും പദ്ധതിയുണ്ട്. കനാലിൽ നാലു ഭാഗത്തേക്കും ജലഗതാഗതവും കനാലിന്റെ എട്ടു കരകളിലൂടെ വാഹന ഗതാഗതവും സുഗമമാക്കും.

Exit mobile version