കാമ്പസില്‍ നിസ്കരിച്ചതിന്റെ പേരില്‍ പ്രൊഫസറെ നിര്‍ബന്ധിത അവധിയിലയച്ച് അലിഗഡിലെ സ്വകാര്യ കോളജ്. ശ്രീവൈഷ്ണവി കോളജിലെ നിയമ അധ്യാപകനായ എസ് ആര്‍ ഖാലിദിനെതിരെയാണ് ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അധികൃതര്‍ നടപടിയെടുത്തത്.
കാമ്പസിനുള്ളിലെ പുല്‍ത്തകിടിയില്‍ പ്രൊഫസര്‍ പ്രാര്‍ത്ഥന നടത്തുന്ന വീഡിയോ ബിജെപിയുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.
ഒരു മാസത്തെ അവധിയിലാണ് എസ് ആര്‍ ഖാലിദിനെ കോളജില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
അധ്യാപകന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും സമാധാനത്തിന് ഭംഗമുണ്ടാക്കിയെന്നും ആരോപിച്ച് ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രൊഫസറുടെ പ്രവൃത്തിയെന്ന് യുവമോര്‍ച്ച നേതാവ് അമിത് ഗോസ്വാമി ആരോപിച്ചു. കുവാര്‍സി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, തിരക്കിലായതിനാലാണ് താന്‍ കാമ്പസിലെ പാര്‍ക്കില്‍ വച്ച് നിസ്കരിച്ചതെന്ന് പ്രൊഫസര്‍ എസ് ആര്‍ ഖാലിദ് അറിയിച്ചതായി പ്രിന്‍സിപ്പാല്‍ അനില്‍ ഗുപ്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
English summary;namaz on college
You may also like this video;