നേമം,കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. ഇനി മുതല്‍ കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്തെന്നും, നേമം തിരുവനന്തപുരം സൗത്തെന്നുമാകും അറിയുക
സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഈ രണ്ട് സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികളുടെ ഭാഗമായായിരുന്നു നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽനിന്ന് ഒമ്പത് കിലോമീറ്റർ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്‌റ്റേഷനുകൾ. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നിരവധി ട്രെയിനുകളുണ്ട്. ദിവസം ഏഴായിരത്തോളം യാത്രക്കാർ ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.
എന്നാൽ കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ലാത്തതിനാൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുക്കാൻ ശ്രമിക്കുന്നവർ സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാതായാൽ യാത്ര വേണ്ടെന്നുവെക്കുന്ന സാഹചര്യമായിരുന്നു. തിരുവനന്തപുരം എന്ന പേര് ചേർത്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നും കൂടുതൽ ട്രെയിനുകളുമെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.