Site iconSite icon Janayugom Online

നമുക്ക് പാർക്കാൻ

നിന്റെ കറുത്ത
മഷിയെഴുത്തെല്ലാം
എന്റെ ഹൃദയത്താളിലാണ്
പതിഞ്ഞത്

കഥയും കവിതയുമായി
നിന്റെ വാതിലുകൾ
എന്റെ ഇടനാഴിയിലേക്കാണ് തുറന്നത്

ഞാൻ നട്ടുനനച്ച
നീർമാതളം
നിന്റെ തോട്ടത്തിലാണ്
പൂത്തത്

എതിർ ദിശയിലെങ്കിലും
ഒരു മിച്ചു പഴുത്ത
മുന്തിരിപ്പാടാത്താണ്
അവസാനം
നമ്മൾ നടന്നെത്തിയത്

അവിടെയാണ്
നമുക്കു പാർക്കാനായി
ഒരിടം കണ്ടത്

അവിടെയാണ് എന്റെ കഥയും
നിന്റെ കവിതയും
മഹാകാവ്യവും
ഇതിഹാസവുമായത്

അവിടെ വെച്ചാണ്
നമ്മുടെ മൗനം
മുറിക്കപ്പെട്ടത്
അവിടെയാണ്
ഞാനും നീയും ഒന്നാകുന്നത്

അവിടെയാണ്
നീയെനിക്കും
ഞാൻ നിനക്കും
നമുക്ക് എന്ന
പദം തിരഞ്ഞത്

അവിടെയാണ്
നമ്മുടെ
സ്വപ്നങ്ങൾ
പൂത്തതുംകായ്ച്ചതും
കരിഞ്ഞതും കൊഴിഞ്ഞതും

അതിലൂടെയാണ്
നാമിരുവരും
നിശ് ബധമായ്
നടന്നത്
അവിടെയാണ്
നമുക്ക് മാത്രമായ്
ചെന്നൊളിക്കാനൊരിടം കണ്ടത്
അവിടെ യാണ്
നീ
ഗന്ധർവ്വനും
ഞാൻ ദേവദാസിയു മായത്

അതാണ്
പരസ്പരം
നമുക്ക് മാത്രം
കാണാവുന്ന
നമ്മുടെ
ഗന്ധർവ്വ ലോകം

ആസ്വർഗ രാജ്യത്തിലെ
അടുത്ത ഗന്ധർവ്വ
കഥയിലെ നായികയും
നായകനും
സന്തുഷ്ടരാണ്.
അവിടെയാണ്
നാം രാപാർക്കുന്നത്

Exit mobile version