Site icon Janayugom Online

നാണമാകുന്നു

കൂരിരുട്ടിൽ വിളക്കണച്ചു അവർ

നാടുവാഴുന്ന തമ്പ്രാക്കൾ ഗോപ്യമായ്

രത്നമെല്ലാം വിളയും പുരത്തിലേ-

ക്കെത്തി നോക്കാൻ കഴിയാത്ത രീതിയിൽ.

രക്തമേറെയൊഴുകും തറകളിൽ

കൊന്നൊടുക്കി ചിതറി കബന്ധങ്ങൾ.

വേട്ടയാടുവാൻ തീയിട്ടുവീടുകൾ

വെട്ടിമാറ്റി കരചരണങ്ങളും.

തുണിയുരിഞ്ഞു നടത്തി തെരുവിലായ്

പച്ച മാംസം കടിച്ചു കീറിബലാൽ.

കാട്ടുപട്ടികൾ വേട്ടയാടും വിധം

കൂട്ടമായ് ചേർന്നു പീഡനം ചെയ്തവർ.

വേട്ടയാടിയ പെണ്ണിന്റെ പെൺമയിൽ

കമ്പി കേറ്റുന്നു കണ്ണിലും മാറിലും.

പള്ളികൾ ചുട്ടെരിക്കുന്നു നിർദ്ദയം

കൊള്ള ചെയ്യുന്നു സർവ്വസ്വത്തുക്കളും

ഭരണകൂടമുറക്കമാണപ്പൊഴും

വാതുറക്കാത്ത മന്ത്രി പ്രവരരും.

മാദ്ധ്യമത്തെ വിലക്കി വിലക്ഷണ

വാർത്ത ലോകമറിയാതിരിക്കുവാൻ.

നാടു നീളെ കലാപം നടത്തിയാൽ

ഹിന്ദു രഷ്ട്രമായ് മാറുമോ ഭാരതം?

അങ്ങു കുന്നിൽ ചെരുവിൽ മലകളിൽ

നിന്നുയരുന്ന തേങ്ങൽ കേൾക്കുന്നു ഞാൻ.

വംശവിദ്വേഷ ഗന്ധം നിറയുന്നു

കുന്നിറങ്ങി വരും ചെറുകാറ്റിലും.

ചാണകത്തിൽ കുളിച്ചവർ കൈകളിൽ

ശൂലമേന്തിക്കൊലവിളിക്കുന്നവർ,

കുടിലമായ സദാചാര വാദികൾ

സ്വന്തം തെറ്റുകൾ മൂടാൻ ശ്രമിക്കവെ

കീറിമാറ്റണം പൊയ്മുഖം സർവ്വതും

അറിയട്ടെ ലോകരറിയട്ടെ സത്യവും.

ഭാരതീയനാണെന്നു പറയുവാൻ

നാണമാകുന്നു ലോകർക്കു മുന്നിലായ്!

 

Eng­lish Sam­mury: M K Sreed­ha­ran’s poem Naanamakunnu…

Exit mobile version