Site icon Janayugom Online

പെലോസിയുടെ തായ്‌വാൻ സന്ദർശനം; അമേരിക്കയോട് പ്രതിഷേധമറിയിച്ച് ചൈന

അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന.

പെലോസിയുടെ തായ്‌വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്‌വാനില്‍ ഇന്നലെ രാത്രി വിമാനമിറങ്ങിയ പെലോസിയും സംഘവും ഇന്ന് തായ്‌വാനീസ് പ്രസിഡന്റുമായി ചർച്ചകൾ നടത്തും. പാർലമെന്റ് സന്ദർശിച്ച് ജനപ്രതിനിധികളുമായും ചർച്ച നടത്തിയേക്കും. അതേസമയം തായ്‌വാൻ അതിർത്തിയിൽ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

തായ്‌വാൻ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിൻറെ ഭാഷയിൽ പ്രതികരിക്കാനില്ലെന്നാണ് ഇന്നലെ പെന്റഗൺ പ്രതിനിധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പെലോസിയുടെ സന്ദർശനത്തോട് യോജിപ്പില്ലെങ്കിലും പരസ്യമായി എതിർക്കില്ലെന്നാണ് സൂചന.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തന്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.

Eng­lish summary;Nancy Pelosi Lands in Tai­wan; ‘Con­se­quences Must Be Borne by the US,’ Warns China

You may also like this video;

Exit mobile version