Site icon Janayugom Online

ഗുരുവെന്ന ബൃഹദ് പാഠം

‘ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയുവാൻ പണം ചെലവിട്ടത് ദുർവ്യയമായി എന്നു ദുഃഖിക്കാനിടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റംവന്നിരിക്കുന്നു. എങ്കിലും തൽക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കില്ല. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് വിദ്യാലയങ്ങൾ ഉണ്ടാക്കാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന് കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാവട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്’. 1917ൽ ആണ് ഇപ്രകാരമൊരു സന്ദേശം കേരളം കേട്ടത്. നല്‍കിയതാകട്ടെ സാക്ഷാല്‍ ശ്രീനാരായണഗുരു. ‘അദ്വൈതം’ എന്നത് ശങ്കര സൃഷ്ടിയായാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ തെളിമയാർന്ന അദ്വൈത ചിന്തയിൽ ജാതീയത എന്ന ചെളി കലക്കുകയായിരുന്നു വാസ്തവത്തിൽ ശങ്കരാചാര്യർ. ശങ്കരന് മുമ്പ് തന്നെ അദ്വൈതം എന്ന പേരിൽ മതങ്ങൾ ഉണ്ടായിരുന്നു. ഔപനിഷാദ്വൈതം, ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം, ശബ്ദാദ്വൈതം ഇവയൊക്കെ അതിൽ ചിലതായിരുന്നു. ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരൻ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു.

ശങ്കരാദ്വൈതം എന്ന് അദ്ദേഹത്തിന്റെ അനുയായികളും, ബ്രാഹ്മണാദ്വൈതം എന്ന് വിമർശകരും പറയുന്ന സിദ്ധാന്തം. അതില്‍ നിന്നുല്പന്നമായതാണ് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം. ശങ്കരൻ ബ്രാഹ്മണനായി ജനിച്ചു, ജീവിച്ചു. ഗീതയിലെ “ചാതുർവർണ്യം മയാ സൃഷ്ടം” ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്നീ പ്രയോഗങ്ങള്‍ ജാതീയതയെ ദൈവവല്‍ക്കരിച്ചു. ജാതി എന്നത് ദൈവദത്തമാണെന്ന് വിശ്വസിച്ച ജനങ്ങളുടെ അന്ധവിശ്വാസത്തിനു ശക്തി നൽകുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരൻ നല്‍കിയത്. എന്നാല്‍ ശങ്കരാചാര്യർക്ക് കഴിയാതെ പോയ, അഥവാ അദ്ദേഹം അറിയാതെ പോയ അദ്വൈത ദർശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തിൽ പുനഃപരിശോധിച്ച് തെറ്റുകൾ തിരുത്തി, പുഴുക്കുത്തുകൾ നീക്കി പുനഃപ്രകാശനം നിർവഹിച്ചത് ശ്രീനാരായണ ഗുരുദേവൻ ആയിരുന്നു. “അനുഭവീയാതറിവേല” എന്ന് ഗുരുദേവൻ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം” എന്ന വരികളിൽ നിന്നു തന്നെ ഗുരുവിനെ നമുക്ക് കാണാൻ കഴിയും. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ സമത്വം പുലർന്നുകാണുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്ന് ഈ വചനങ്ങള്‍ വെളിവാക്കുന്നു. ലൗകികതയും ആത്മീയതയും ഇവിടെ ഒന്നിക്കുന്നു. ജാതിയെ തീർത്തും നിഷേധിക്കുകതന്നെ ചെയ്യുന്നുണ്ട്. ഒരു ജാതിയേ ഉള്ളൂ; അത് മനുഷ്യജാതിയാണ്. സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ, ‘ജാതി വേണ്ട’ എന്നുതന്നെയാണ് ഇതിന്നർത്ഥം. ജാതിമതാതീതമായി ലോകമെങ്ങുമുള്ള മതനിരപേക്ഷജനാധിപത്യവാദികൾക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന വ്യക്തിത്വത്തിന്റെയും ദർശനത്തിന്റെയും ഉടമയാണ് ഗുരുവെന്ന് തിരിച്ചറിയപ്പെട്ടതോടെ, അദ്ദേഹത്തെ സങ്കുചിതമായ ഹിന്ദുത്വത്തിന്റെ ചട്ടക്കൂട്ടിൽ തളച്ചിടാനുള്ള നീക്കം ആരംഭിച്ചുവെന്നതും വെെരുദ്ധ്യമാണ്.


ഇതുകൂടി വായിക്കൂ:നവകേരളത്തിന്റെ ഊര്‍ജം


ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതിരാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവമായിരുന്നു 1888ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച മഹാവിപ്ലവമായിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. ‌ സവർണക്ഷേത്രങ്ങളിൽ നടന്നുവരാറുള്ള ഉത്തമാരാധനാരീതിയാണ് അരുവിപ്പുറത്ത് ഏർപ്പെടുത്തിയത്. അന്നത്തെ ചുറ്റുപാടിൽ അത് മഹത്തായ വിപ്ലവമാണ്. ആധ്യാത്മികമായ പന്ഥാവിലൂടെ എങ്ങനെ ഒരധഃകൃതസമുദായത്തെ ഭൗതികമായ അഭിവൃദ്ധിയിലേക്കു നയിക്കാം എന്ന പരീക്ഷണമാണ് അവിടെ നടന്നത്. അതോടെ നാണുവാശാൻ നാണുഗുരുവും നാരായണഗുരുവും ആയി അറിയപ്പെടാൻ തുടങ്ങി. തുടർന്ന് പലേടങ്ങളിലും വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിർമ്മാണവും നടന്നു. എന്നാല്‍ അവസാനകാലത്ത് ഗുരു നടത്തിയ പ്രതിഷ്ഠകൾ ദേവീദേവന്മാരുടേതായിരുന്നില്ല. കാരമുക്ക്-ദീപം, മുരുക്കുംപുഴ- ‘സത്യം, ധർമ്മം, ദയ, ശാന്തി’ എന്നെഴുതിയ പ്രഭ, വെച്ചൂർ ഉല്ലല, കളവങ്കോടം-കണ്ണാടി. 1912ൽ ശിവഗിരിയിൽ ശാരദാപ്രതിഷ്ഠ നടത്തുന്ന കാലം മുതൽതന്നെ നാരായണഗുരുവിന് പരമ്പരാഗതമായ ക്ഷേത്രസങ്കല്പത്തിൽ വിശ്വാസം നശിച്ചിരുന്നു. ജാതിമതനിരപേക്ഷമായി എല്ലാവരുടേതുമായ വാഗ്ദേവി ശാരദയാണല്ലോ അവിടത്തെ പ്രതിഷ്ഠ. ആലുവാ അദ്വൈതാശ്രമത്തിലാകട്ടെ ഒരു പ്രതിഷ്ഠയുമില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ ആരാധനയ്ക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌വ്യക്തി ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. എന്തായാലും കേരളത്തിൽ ഇങ്ങനെ മറ്റൊരാൾ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഗുരുവിനെപ്പറ്റി 1916 മുതൽ ഇന്നുവരെ മലയാളത്തിലും ഇംഗ്ലീഷുള്‍പ്പെടെ ഭാഷകളിലുമായി ഇരുന്നൂറിലേറെ കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ വിവർത്തനങ്ങളോ വ്യാഖ്യാനങ്ങളോ പഠനങ്ങളോ ആയി ഒട്ടേറെ ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. എന്നാല്‍ അവയില്‍ എടുത്തുപറയത്തക്ക ശാസ്ത്രീയതയോ വസ്തുനിഷ്ഠതയോ പുലർത്തുന്നവ വളരെക്കുറച്ചേ കാണൂ എന്ന് ഡോ. എന്‍ വി പി ഉണിത്തിരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീനാരായണനെ അതിമാനുഷനോ അവതാരപുരുഷനോ അത്ഭുതസിദ്ധനോ ആയി കാണാനാണ് ആരാധകർ മാത്രമായ പല ഗ്രന്ഥകർത്താക്കളും മുതിർന്നത്. കുമാരനാശാനെയും മൂർക്കോത്തു കുമാരനെയും പോലുള്ളവർപോലും ഇതിന്നപവാദമായിരുന്നില്ല. ഇനിയുമിനിയും പഠിക്കപ്പെടേണ്ട ബൃഹദ് പാഠമാണ് ഗുരു.

Exit mobile version