19 July 2024, Friday
KSFE Galaxy Chits Banner 2

നവകേരളത്തിന്റെ ഊര്‍ജം

കെ രാധാകൃഷ്ണന്‍
(പട്ടികജാതി/വർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി) 
August 28, 2023 4:30 am

ന്നു നാം കാണുന്ന സാമൂഹ്യ സാഹചര്യങ്ങളായിരുന്നില്ല ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ നിലവിലിരുന്നത്. ജാതി വ്യവസ്ഥയുടെ നുകങ്ങളിൽ ദളിത്-പിന്നാക്ക വിഭാഗക്കാരെ തളച്ചിട്ടിരുന്നു. അക്ഷരവും അറിവും ദളിതർക്ക് ഒരിക്കലും ലഭിക്കാതിരിക്കാനുള്ള ഇടപെടലുകൾ, വഴിനടക്കാനോ മതിയായ വസ്ത്രം ധരിക്കാനോ അവകാശമില്ലാത്ത അടിമസമാനമായ ജീവിതം അങ്ങനെ ജാതിവിവേചനം കൊടികുത്തി നിന്ന നാളുകളായിരുന്നു അത്. ഈ സമയത്താണ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും അലയൊലികൾ കേരളമാകെ ഉയർന്നത്. അതിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവും വർധിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരാഹ്വാനം ചെയ്ത അയ്യാ വൈകുണ്ഡ സ്വാമി, ദളിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യത്നിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ, സാമൂഹ്യമുന്നേറ്റങ്ങൾക്ക് നടുനായകത്വം വഹിച്ച ശ്രീനാരായണ ഗുരു തുടങ്ങിയ നേതാക്കളുടെ ഇടപെടലുകള്‍ മാറ്റങ്ങൾക്ക് ഊർജം പകർന്നു. ഇത്തരത്തിൽ വിവിധ ആശയധാരകളുടെയും, പ്രയോഗങ്ങളുടെയും കൈവഴികൾ ഒത്തുചേർന്ന പരിസരത്തു നിന്നുമാണ് ജാതി വിവേചനങ്ങൾക്കെതിരായ സമരജ്വാല അയ്യൻകാളി ഏറ്റെടുത്തത്. തദ്ദേശീയ ജനതയെയും, പട്ടികജാതി, പിന്നാക്ക വിഭാഗക്കാരെയും ഒരു കുടക്കീഴിൽ ചേർത്തുപിടിക്കാൻ കേരളത്തിനു കഴിയുന്നത് നവോത്ഥാന‑പുരോഗമന പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയ കരുത്തിലാണ്. എന്നാൽ രാജ്യത്തിന്റെ ബഹുസ്വരതയും, മതേതരത്വവും ബിജെപി നയിക്കുന്ന കേന്ദ്ര ഭരണകൂടം തച്ചുതകർക്കുന്ന കാഴ്ചകളാണിപ്പോൾ അനുദിനം കാണുന്നത്. ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെ സംഘ്പരിവാർ വേട്ടയാടുകയാണ്. ദളിതരുടെയും, തദ്ദേശീയ ജനതയുടെയും, പിന്നാക്കക്കാരുടെയും അരക്ഷിതാവസ്ഥ നാൾക്കുനാൾ വർധിച്ചു വരികയാണ്.


ഇതുകൂടി വായിക്കൂ: സംഘ്പരിവാര്‍ അജണ്ടയെ നെഞ്ചുവിരിച്ച് നേരിടും


മനുസ്മൃതിയെ ഭരണഘടനയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘ്പരിവാർ, ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന ദളിതരെ ഇപ്പോഴും മനുഷ്യരായി കാണുന്നില്ല. അവർ ഏറെ കൊട്ടിഘോഷിക്കുന്ന ഹിന്ദു ജാതിവ്യവസ്ഥയിൽ ദളിതരും തദ്ദേശീയ ജനതയുമില്ല എന്നതാണ് യാഥാർത്ഥ്യം. കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാധ്യതകളും, തൊഴിലവസരങ്ങളും തദ്ദേശീയ, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് നിഷേധിക്കുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥകളിൽ നിന്ന് അവർ ആട്ടിയോടിക്കപ്പെടുന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന് വീമ്പിളക്കുമ്പോഴും ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത പതിനായിരങ്ങൾ ഇന്ത്യയിലുണ്ടെന്ന് നിതി ആയോഗിന്റെ കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു.
ദളിതർക്കെതിരായ അതിക്രമങ്ങളും രാജ്യത്ത് വർധിക്കുകയാണ്. നാല് വർഷത്തിനിടെ 1,89,000 കേസുകൾ രജിസ്റ്റർ ചെയ്തതായി ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 54 ശതമാനം കേസുകളും ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. വിചാരണകളും മറ്റുമായി വർഷങ്ങൾ നീണ്ടാലും ഒട്ടുമിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. മാത്രമല്ല പ്രതികൾക്കു് താരപരിവേഷം ലഭിക്കുകയും ചെയ്യുന്നു. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്നു. കൂലി ചോദിച്ചതിന് മർദിച്ച് ചെരുപ്പുമാല അണിയിച്ചിട്ട് മൂത്രം കുടിപ്പിക്കുന്നു. ക്ഷേത്രത്തിലെ സമൂഹ വിരുന്നിനെത്തിയ ദളിത് കുടുംബത്തെ പന്തിയിൽ നിന്ന് ഇറക്കിവിടുന്നു. ഇങ്ങനെ ഇരുണ്ടകാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന അതിക്രമങ്ങളാണ് ആധുനിക ഇന്ത്യയിൽ അടിസ്ഥാന ജനവിഭാഗത്തിനെതിരെ ഉണ്ടാകുന്നത്. ഇതിനുപുറമെയാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന വർഗീയ കലാപങ്ങൾ.


ഇതുകൂടി വായിക്കൂ: അരക്കില്ലങ്ങള്‍ സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ ഭരണം


മേയ് ആദ്യം മണിപ്പൂരിൽ തുടങ്ങിയ കലാപത്തിന്റെ ചോരത്തുള്ളികൾ ഇനിയും ഉണങ്ങിയിട്ടില്ല. സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ട ഭരണകൂടങ്ങൾ ഇപ്പോഴും വൈരാഗ്യത്തിന്റെ കനലുകൾ ഊതിപ്പെരുപ്പിക്കുകയാണ്. മണിപ്പൂരിനു പിന്നാലെ ഹരിയാനയിലും ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം കലാപം വിതയ്ക്കുകയാണ്. മണിപ്പൂരിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ അഭയാർത്ഥി ക്യാമ്പുകളിൽ വിട്ട് അമ്മമാർ ഓടിപ്പോയി. സ്ത്രീകളുടെ മാനം തെരുവിൽ സംഘം ചേർന്ന് വലിച്ചിഴച്ചു. ലോകത്തിന് മുന്നിൽ രാജ്യം നാണംകെട്ടുനിന്ന സംഭവ പരമ്പരകളാണ് അവിടെ കണ്ടത്.
വിവിധ ജാതികളെ തമ്മിലടിപ്പിച്ച് രാജ്യത്തെങ്ങും കൂടുതൽ കലാപങ്ങളും ധ്രുവീകരണവും ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. സാമൂഹ്യഐക്യം തകർത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് വിതയ്ക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചെതിർക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിർത്താൻ വളരെ ജാഗ്രതയോടെ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: ചെറുപ്പത്തിലേ പിടികൂടുന്ന സംഘ്പരിവാര ഫാസിസ്റ്റുകള്‍


രാജ്യത്തെ പൊതുസാഹചര്യങ്ങളിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളം. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളൊരുക്കി, പഠിപ്പും, തൊഴിലും, ആരോഗ്യവും നൽകി ഉന്നതിയിലേക്ക് കൈപിടിക്കുകയാണ് ഈ സർക്കാർ. നിതി അയോഗിന്റെ കണക്കുകളിൽ ബിഹാറിൽ 51 ശതമാനം പേരും, ഉത്തർപ്രദേശിൽ 38 ശതമാനം പേരും ഝാർഖണ്ഡിൽ 42 ശതമാനം പേരും അതിദരിദ്രരായിരിക്കെ കേരളത്തിലിത് വെറും 0. 07 ശതമാനം ആണ്. അവർക്കുകൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകി പൊതുസമൂഹത്തിലേക്ക് ഉയർത്തുന്നതോടെ കേരളം ഇന്ത്യക്ക് വീണ്ടും മാതൃകയാകും.
10 ബിഎ ക്കാരെ കണ്ടിട്ട് മരിക്കണമെന്ന് ആഗ്രഹിച്ച അയ്യൻകാളിയുടെ പിന്മുറക്കാരായ 425 പേരെ രണ്ടു വർഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ്പ് നൽകി അയയ്ക്കാനായതിൽ നമുക്ക് അഭിമാനിക്കാം. പഞ്ചമിയുടെ സ്കൂൾ പ്രവേശനവും, വില്ലുവണ്ടിയുടെ ചക്രപ്രയാണവും ശ്രീമൂലം പ്രജാസഭയിൽ മുഴങ്ങിയ ശബ്ദവും പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നതിയിൽ അയ്യൻകാളിയുടെ അടയാളപ്പെടുത്തലുകളാണ്. ജാതി-ഉപജാതി ബോധങ്ങൾക്കപ്പുറമുള്ള മനുഷ്യരുടെ സമത്വകൂട്ടായ്മയാണ് നമുക്ക് വേണ്ടത്. ആ വഴികൾ ഇന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നു. നവകേരളത്തിലേക്കുള്ള പ്രയാണത്തിൽ ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അയ്യൻകാളിയുടെ സ്മരണകൾ കൂടുതൽ ഊർജമാകുകയാണ്. അദ്ദേഹത്തിന്റെ 160-ാം ജന്മവാർഷികം ഓർമ്മിപ്പിക്കുന്ന ചരിത്രപാഠങ്ങളും സമത്വസൃഷ്ടിക്കായുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും ആ പ്രയാണത്തിന് ഗതിവേഗം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.