Site iconSite icon Janayugom Online

നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നു; വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗത്തിനെതിരെ സമസ്‌ത

നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്ന പരിഹാസവുമായി സമസ്‌ത. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലാണ് വിമര്‍ശനം. ‘ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂര്‍’ എന്ന തലക്കെട്ടോട് കൂടിയാണ് മുഖപ്രസംഗം. ശ്രീനാരായണ ഗുരു പറയുകയും പ്രയോഗിച്ച് കാണിക്കുകയും ചെയ്ത ആശയങ്ങളുടെ നേര്‍വിപരീതമാണ് പലപ്പോഴും വെള്ളാപ്പള്ളി പറയുന്നതെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. ‘ജാതിഭേദം, മതവിദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴണമെന്ന് നാരായണഗുരു, ജാതിയുടെയും മതത്തിന്റെയും പേരില്‍ ഹേറ്റ് സ്പീച്ചുമായി നടേശന്‍ ഗുരു’ എന്നും സമസ്ത പരിഹസിക്കുന്നു. ‘മഹാകവി കുമാരാനാശാനും ഡോ. പല്‍പ്പുവുമൊക്കെ ഇരുന്ന സംഘത്തിന്റെ നേതൃസ്ഥാനങ്ങളിലിരുന്നാണ് കണിച്ചുകുളങ്ങര കേശവന്‍ മുതലാളിയുടെയും ദേവകിയമ്മയുടെയും മകന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണീയരെ മൊത്തത്തില്‍ നാഗ്പൂരിലെ കാവി രാഷ്ട്രീയത്തിന്റെ ഗുഹാമുഖത്തേക്ക് ആട്ടിത്തെളിക്കുന്നത്. നാഗ്പൂരിലേക്കുള്ള ദൂരം കുറച്ച് കൊണ്ടുവരാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ ജാതി-മത സൗഹൃദങ്ങളെ എവിടെ എത്തിക്കുമെന്ന് എസ്എന്‍ഡിപിക്കാര്‍ ആലോചിക്കുന്നുണ്ടാവുമോ ആവോ?’, സുപ്രഭാതത്തില്‍ പറയുന്നു.

Exit mobile version