Site iconSite icon Janayugom Online

നരേന്ദ്ര ധബോല്‍ക്കര്‍ വധം; സൂത്രധാരന്മാരെ കണ്ടെത്താന്‍ അന്വേഷണ ഏജൻസികള്‍ക്കായില്ല

അന്ധവിശ്വാസത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരുടെ മുഖംമൂടികള്‍ അഴിച്ചുമാറ്റുന്നതില്‍ അന്വേഷണ ഏജൻസികള്‍ പരാജയപ്പെട്ടതായി പൂനെയിലെ വിചാരണക്കോടതി. ശിക്ഷിക്കപ്പെട്ട രണ്ട് അക്രമികളും സൂത്രധാരന്മാരല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് അഡീഷണൽ സെഷൻസ് ജഡ്ജി പി പി ജാദവാണ് പരിഗണിച്ചത്.
യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) കേസുകൾക്കായുള്ള പ്രത്യേക കോടതി കേസിൽ സച്ചിന്‍ ആണ്ടൂര്‍, ശരത് കലാസ്കര്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഗൂഢാലോചനക്കാരായ ഡോ. വീരേന്ദ്രസിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കൊലപാതകം നടന്ന് 10 വർഷത്തിനും എട്ടു മാസത്തിനും ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

താവ്‌ഡെയ്ക്കെതിരെ തെളിവുകളുണ്ടെന്നും പുനലേക്കറിനും ഭാവെയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി ഉത്തരവില്‍ പറയുന്നു. അതിനിടെ താവ്‌ഡെ, പുനലേക്കർ, ഭാവെ എന്നിവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി പറയുന്നു.

അനാചാരങ്ങൾക്കും ദുർമന്ത്രവാദത്തിനും എതിരെ ശക്തമായ നിലപാടെടുക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ധബോൽക്കറെ 2013 ഓഗസ്റ്റ് 20ന് പ്രഭാത സവാരിക്കിടെയാണ് പുനെയിൽ വസതിക്കു സമീപം ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചു കൊന്നത്.
തീവ്ര നിലപാടുള്ള ഹിന്ദു സംഘടന സനാതൻ സൻസ്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

Eng­lish Summary:Narendra Dhabolkar Assas­si­na­tion; Not for inves­tiga­tive agen­cies to find masterminds
You may also like this video

Exit mobile version