Site iconSite icon Janayugom Online

നരേന്ദ്ര മോഡി സര്‍ക്കാര്‍ മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നു: പി പി സുനീര്‍

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി പറഞ്ഞു. ഗാന്ധി ജയന്തിയുടെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയും ഏക സിവില്‍കോഡും വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയുമെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്. മതപരമായ വിഭജനമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും മാത്രമാണ്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പോടെ ഉയര്‍ന്നുവന്നു. ഇടതുപക്ഷ — മതനിരപേക്ഷ ‑ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യം ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായി. എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ കടുംപിടുത്തം പല സംസ്ഥാനങ്ങളിലും എന്‍ഡിഎ മുന്നണിക്ക് ഗുണം ചെയ്തു. ബീഹാറിലും ആന്ധ്രാപ്രദേശിലുമെല്ലാം ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന് കോണ്‍ഗ്രസ്സിന്റെ നയം തിരിച്ചടിയായി. യാഥാര്‍ത്ഥ്യത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. 

ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ നയത്തിനെതിരെ രാജ്യമെങ്ങും ശബ്ദം ഉയരുകയാണ്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമേഹമാണ് മോഡി സര്‍ക്കാരിന്റേത്. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ ബിജെപി സര്‍ക്കാരിന് അടിതെറ്റുകയാണ്. ഐതിഹാസികമായ കര്‍ഷക സമരത്തിലൂടെ നാം ഇത് കണ്ടതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയാണ് ബിജെപിയുടേത്. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമായി നിലനില്‍ക്കണമെന്നു തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അതിനായി വിട്ടുവീഴ്ചാ മനോഭാവത്തോടെ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിയണം. ഇതിലൂടെ മാത്രമേ ശക്തമായ ഒരു ജനകീയ മുന്നേറ്റം സാധ്യമാകൂ. ബിജെപിയുടെ വര്‍ഗ്ഗീയ ഭരണത്തിന് അറുതിവരുത്താന്‍ ഈ വിശാല സഖ്യത്തിലൂടെ മാത്രമേ കഴിയൂ. കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സിന് 2019 നേക്കാള്‍ ആറ് ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. ഇടതുപക്ഷത്തിന് നാല് ലക്ഷം വോട്ടുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ബിജെപി അവരുടെ വോട്ട് ഗണ്യമായി വര്‍ധിപ്പിച്ചു. ഇത് മുന്നണികള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. തിരുത്തേണ്ടവ തിരുത്തി ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെന്നത് സിപിഐ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍, എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ കെ സമദ്, സിപിഐ ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, എഐവൈഎഫ് നേതാക്കളായ ശ്രീജിത്ത് മുടപ്പിലായി, അഭിജിത്ത് കോറോത്ത്, എന്‍ അനുശ്രീ എൻ എന്നിവര്‍ സംസാരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് എഐവൈഎഫ് നിര്‍മിച്ചു നൽകുന്ന പത്ത് വീടുകളുടെ നിർമാണത്തിന് സാമ്പത്തികം സമാഹരിക്കുന്നതിന്റെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുള്ളറ്റ് ചലഞ്ച് വിജയിക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. കുറ്റ്യാടി വേളം സ്വദേശി പാലോടിയിൽ മുഹമ്മദലിക്ക് സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി ബുള്ളറ്റ് കൈമാറി. 

Exit mobile version