Site iconSite icon Janayugom Online

നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍

“ആരംഭം എവിടെ നിന്നായാലും ബീഭത്സതയുടെ ഗതിവേഗം അത്ര അധികമായ സ്ഥിതിക്ക് ഏതെങ്കിലും ഒരു പക്ഷം മറ്റേതിനേക്കാള്‍ മോശമായിരുന്നുവെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഭയചകിതരായ മുസ്ലിം കുടുംബങ്ങള്‍ക്ക് തന്റെ വ്യക്തിപരമായ താല്പര്യത്തിന്റെ സുരക്ഷിതത്വം വാഗ്ദാനം ചെയ്തുകൊണ്ട്, നെഹ്രു ഡല്‍ഹിയിലാകെ ചുറ്റി സഞ്ചരിച്ചു. പലപ്പോഴും അദ്ദേഹം മതഭ്രാന്തന്മാരായ കലാപകാരികളുടെ ഇടയിലേയ്ക്ക്, അവരെ ശകാരിക്കുകയും ചിലപ്പോള്‍ അവരെ തല്ലുകയും ചെയ്തുകൊണ്ട് ചാടിവീണു. പൊതു സമാധാനം കാത്തുസൂക്ഷിക്കുന്നതിലും പ്രധാനം ഭയത്തില്‍ നിന്നുടലെടുത്ത്, ഇന്ത്യക്കാരെ മുഴുവന്‍ ഗ്രസിച്ച ഈ ഭ്രാന്തിന്റെ ബാധയൊഴിപ്പിക്കുകയായിരുന്നു. ഉത്തരേന്ത്യയിലാകമാനം സമ്മേളനങ്ങളില്‍ സംസാരിച്ച നെഹ്രു രാഷ്ട്രത്തോടുള്ള പ്രക്ഷേപണങ്ങളില്‍ മതത്തിന്റെ പേരില്‍ ഒരു പൗരനും അരക്ഷിതത്വം അനുഭവിക്കാത്ത ഇന്ത്യ കെട്ടിപ്പടുക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. മുസ്ലിങ്ങളെ കശാപ്പുചെയ്യുന്നത് വ്യക്തിപരമായ അധഃപതനവും സാമുദായിക ഭ്രാന്തും മാത്രമല്ല, അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ അന്തസും അഭിമാനവും തകര്‍ക്കുന്ന പ്രവൃത്തികൂടിയാണ്. അത് സ്വാതന്ത്ര്യസമരത്തിന് പ്രചോദനം നല്കിയ ഗാന്ധിയുടെ ആദര്‍ശത്തെ വഞ്ചിക്കുകയും ഫാസിസത്തിന്റെ ശക്തികള്‍ക്ക് കരുത്തു നല്കുകവഴി ജനാധിപത്യത്തേയും സ്വാതന്ത്ര്യത്തേയും ഭീഷണിപ്പെടുത്തുകയും കൂടി ചെയ്തു”. സര്‍വ്വേപള്ളി ഗോപാല്‍ രചിച്ച ‘ജവഹര്‍ലാല്‍ നെഹ്രു ഒരു ജീവചരിത്രം’ എന്ന ഗ്രന്ഥത്തിലെ ‘ദുഃഖപൂര്‍ണമായ പ്രഭാതം’ എന്ന അധ്യായത്തിലെ വരികളാണ് മേലുദ്ധരിച്ചത്. രാമനും റഹീമും ഒന്നുതന്നെ, ഈശ്വര്‍ അള്ളാ തേരേ നാം, സബ്കോ സമ്മതി ദേ ഭഗവാന്‍ എന്ന് പറഞ്ഞും പാടിയും സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുള്ള വര്‍ഗീയ കലാപനാളുകളില്‍ ചോരപ്പുഴകള്‍ക്ക് നടുവിലൂടെ മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത്, മുഴുവടിയും പിടിച്ച് നടന്ന ഗാന്ധിജിയുടെയും മതനിരപേക്ഷതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും ഭരണഘടനാതത്വങ്ങളുടെയും പതാക വാനംമുട്ടെ ഉയര്‍ത്തിപ്പിടിച്ച നെഹ്രുവിന്റെയും യുഗം അസ്തമിച്ചു.

ഇന്ന് ഇന്ത്യ നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് കരങ്ങള്‍ക്കുള്ളില്‍ കിടന്ന് അമര്‍ച്ചചെയ്യപ്പെടുകയാണ്. നെഹ്രുവില്‍ നിന്ന് മോഡിയിലേക്കുള്ള ഇന്ത്യയുടെ സഞ്ചാരം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കും മതേതര മാനവികതയില്‍ നിന്ന് മതഭ്രാന്തിന്റെയും വംശീയ കലാപങ്ങളുടെയും ഫാസിസത്തിന്റെയും ദംഷ്ട്രകളിലേക്കും ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് ഭരണഘടനാ ധ്വംസനത്തിലേക്കുമുള്ള ദുരന്തയാത്രയാണ്. ‘ഇന്ത്യയുടെ രത്നം’ എന്നറിയപ്പെടുന്ന മണിപ്പൂര്‍ രണ്ടുമാസത്തിലേറെയായി വംശഹത്യാ പരീക്ഷണത്തിന്റെ കനല്‍ഭൂമിയായി തുടരുകയാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ പൊലീസിന്റെയും സൈന്യത്തിന്റെയും തോക്കുകളുംഗ്രനേഡുകളും കലാപകാരികള്‍ക്ക് വിതരണം ചെയ്യുന്നു. മെയ്തി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണകൂടം ഒത്താശ ചെയ്യുന്നു. അവരെപ്പോലെ ഗോത്രവിഭാഗക്കാരായ, ക്രൈസ്തവ മതം സ്വീകരിച്ച കുക്കികളെ കൊന്നൊടുക്കുന്നു. ഇരുകൂട്ടരുടെയും ഭവനങ്ങള്‍ അഗ്നിക്കിരയാക്കുന്നു. നൂറ്റിയമ്പതിലധികം മനുഷ്യര്‍ കലാപ ഭൂമിയില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതിലും എത്രയോ അധികം പേര്‍ കൊല്ലപ്പെട്ടിരിക്കാം. പക്ഷേ, രാജ്യത്തിന്റെ പ്രധാനമന്ത്രി മഹാമൗനത്തിന്റെ വല്‍മീകത്തിലാണ്. ഇന്ത്യയില്‍ മതപരമായ വിവേചനമില്ലെന്ന് അമേരിക്കയില്‍ പോയി പ്രസംഗിച്ച നരേന്ദ്രമോഡി തന്റെ സ്വന്തം രാജ്യത്തിലെ ഒരു സംസ്ഥാനത്ത് രാപ്പകലില്ലാതെ വെടിയൊച്ചകള്‍ ഉയരുമ്പോള്‍, ശവശരീരങ്ങള്‍ തെരുവില്‍ വീഴുമ്പോള്‍ നിസംഗതയോടെ, നിഷ്‌ക്രിയത്വത്തോടെ ആനന്ദതുന്ദിലനായി, കാഴ്ചക്കാരനായി നില്ക്കുന്നു. അതിന് കാരണം ബിജെപി, ആര്‍എസ്എസ് ആസൂത്രണം ചെയ്ത വംശഹത്യാ പരീക്ഷണമാണ് മണിപ്പൂരില്‍ അരങ്ങേറുന്നത് എന്നതാണ്. 2002ല്‍ ഗുജറാത്തില്‍ വംശഹത്യാ പരീക്ഷണം നടത്തിയ നരേന്ദ്രമോഡി അന്ന് പറഞ്ഞത് ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം എന്നായിരുന്നു. നാളെ ഇന്ത്യയില്‍ എവിടെയും ഇത് ആവര്‍ത്തിക്കപ്പെടുമെന്നാണ്.


ഇതുകൂടി വായിക്കൂ: ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം


ഗുജറാത്ത് മോഡല്‍ ആണ് നരേന്ദ്രമോഡിയും ഗുജറാത്ത് വംശഹത്യാ പരീക്ഷണകാലത്ത് മോഡിയുടെ സന്തത സഹചാരിയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരില്‍ നടപ്പാക്കുന്നത്. ഇരുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചുനിരത്തുകയും അഗ്നിക്കിരയാക്കുകയും ചെയ്തവര്‍ ക്രൈസ്തവ വിദ്യാലയങ്ങള്‍ക്കും തീ കൊടുത്തു. കേരളത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ കൈമുത്തുകയും അവരോടൊപ്പം കേക്ക് മുറിക്കുകയും ലഡു പങ്കുവച്ച് നുണയുകയും റബ്ബറിന് മുന്നൂറ് രൂപ നല്കിയാല്‍ ബിജെപിക്ക് എംപിയെ സമ്മാനിക്കാമെന്ന് പറയുകയും ചെയ്തവര്‍ ഇപ്പോള്‍ വൈകിയാണെങ്കിലും ബിജെപിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ തുടങ്ങി എന്നത് ആശ്വാസകരം. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ കുറിച്ചത് തങ്ങള്‍ക്ക് മൂന്ന് മുഖ്യ ശത്രുക്കള്‍. ഒന്ന് മുസ്ലിങ്ങള്‍, രണ്ട് ക്രിസ്ത്യാനികള്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍. ഇത് നടപ്പിലാക്കുകയാണ് മോഡി ഫാസിസ്റ്റ് ഭരണകൂടം. ഓരോ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും മതഭ്രാന്ത് ഇളക്കിവിടുകയും വര്‍ഗീയ – സാമുദായിക ധ്രുവീകരണം നടത്തുകയും ചെയ്യുകയെന്നത് ബിജെപി — ആര്‍എസ്എസ് അതിഗൂഢ അജണ്ടയാണ്. രാമന്റെ പേരിലും രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും പേരിലും വോട്ടുനേടി അധികാരം പിടിക്കുന്നവര്‍ കര്‍ണാടക, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍കണ്ട് ഏകീകൃത സിവില്‍ കോഡുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു.

മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച ഒരക്ഷരവും മിണ്ടാത്ത മോഡി, ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് വാചാലനാവുകയാണ്. മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ പരിഭ്രാന്തിയിലാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഏകീകൃത സിവില്‍ കോഡ് വാദം. നാനാത്വത്തില്‍ ഏകത്വം എന്നത് നാം ഹൃദയത്തോട് ചേര്‍ത്തുവച്ച മുദ്രയാണ്. വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം. വൈവിധ്യങ്ങളിലെ ഏകത്വത്തെ തമസ്ക്കരിക്കാനാണ് സംഘ്പരിവാര്‍ ഫാസിസ്റ്റുകളുടെ ശ്രമം. ഏകീകൃതമായ ഏതെങ്കിലും ഒരു മതത്തെ മാത്രമല്ല, ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളെയും അമര്‍ച്ച ചെയ്യുന്ന ചരിത്ര യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ‘മനുഷ്യരായിരം, ജ നങ്ങളായിരം അവരിലൊന്നിനെന്‍ മെലിഞ്ഞ കാലടി അതിന്റെ മേലെയെന്‍ തനി സ്വരൂപവും’ നരേന്ദ്രമോഡി തനി സ്വരൂപം പുറത്തെടുക്കുന്ന ദുരന്തകാലത്ത് നാം കരുതലോടെ കാവലിരിക്കണം.

Exit mobile version