Site icon Janayugom Online

റബ്ബറിൽ മൗനം പാലിച്ച് നരേന്ദ്രമോഡി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും റബ്ബറിന്റെ വിലയില്‍ മൗനം പാലിച്ച മോഡിയുടെ നിലപാട് ചർച്ചയാകുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾ മുഴുവൻ ബിജെപിയോടൊപ്പമാണെന്നും കേരളത്തിലും അപ്രകാരം വേണമെന്നും ഓർമ്മിപ്പിക്കുക മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. 

റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയത്തിയാൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു കൊടുക്കാം എന്ന തലശേരി ആർച്ച് ബിഷപ്പിന്റെ വാഗ്ദാനത്തിനു പിന്നാലെ അരമന സന്ദർശിച്ച്, 300 രൂപയാക്കി താങ്ങുവില ഉയർത്തും എന്ന് വീമ്പിളക്കിയ ബിജെപി നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലുമായി. റബ്ബർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെക്കുറിച്ച് പ്രതികരിക്കാൻ തലശേരി ബിഷപ്പും അദ്ദേഹത്തെ പിന്താങ്ങി രംഗത്തെത്തിയ താമരശേരി ബിഷപ്പും തയ്യാറായിട്ടില്ല. ബിജെപി നേതാക്കൾക്ക് പിന്നാലെ കേന്ദ്ര റബ്ബർ ബോർഡ് ചെയർമാൻ സവാർ ധനാനിയും തലശേരി ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച്, വിഷയം അടിയന്തരമായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല നടപടി എടുപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 

ഉത്തരേന്ത്യൻ നാണ്യവിളകളായ ചണവും പരുത്തിയും കാർഷിക വിളകളുടെ പട്ടികയിൽപ്പെടുത്തിയ കേന്ദ്രം, കേന്ദ്ര സർക്കാർ തന്നെ നിയോഗിച്ച ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടു പോലും റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതു മൂലം കർഷകർക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.
റബ്ബറിനെ കാർഷിക വിഭവങ്ങളുടെ പട്ടികയിൽപ്പെടുത്തിയാൽ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കേണ്ടതായി വരും. അങ്ങനെ വന്നാൽ, സ്വാഭാവിക റബ്ബറിന്റെ വിലയുയരുകയും കർഷകർക്ക് ഗുണമുണ്ടാവുകയും ചെയ്യും. എന്നാൽ, വിദേശത്തും സ്വദേശത്തുമുള്ള റബ്ബർ ലോബിയുടെ സമ്മർദത്തിന് വഴങ്ങി കേന്ദ്രം കർഷകദ്രോഹം തുടരുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. റബ്ബറിനെ കാർഷിക വിഭവമായി പ്രഖ്യാപിക്കണമെന്ന് സിപിഐ ദേശീയ കൗൺസിലും പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
റബ്ബർ കർഷകർ, കുടിയേറ്റ കർഷകർ, തീരദേശ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളിലെ പ്രശ്നങ്ങൾ സഭാ മേലധ്യക്ഷന്മാർ മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, തീരദേശ മേഖലയെക്കുറിച്ചു മാത്രമാണ് അനുഭാവ പൂർണമെന്ന് പറയാവുന്ന മറുപടിയെങ്കിലുമുണ്ടായത്. മറ്റ് രണ്ട് മുഖ്യ പ്രശ്നങ്ങളെ പ്രധാനമന്ത്രി പാടേ അവഗണിച്ചതിൽ സഭാ മേധാവികൾ നിരാശയിലാണ്.

Eng­lish Sum­ma­ry: Naren­dra Modi remains silent on rubber

You may also like this video

Exit mobile version