പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡല്‍ഹി സര്‍വകലാശാലയിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി സര്‍വകലാശാല നല്‍കിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് ആണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്.
വിവരാവകാശ കമ്മിഷന്റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി സര്‍വ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. 1978ല്‍ നരേന്ദ്രമോഡി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉള്ളത്. മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നീരജ് ശര്‍മ നല്‍കിയ വിവരാവകാശ അപേക്ഷ ആദ്യം ഡല്‍ഹി സര്‍വകലാശാല തള്ളുകയും ഇതിന് പിന്നാലെ ഇദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.

