മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആര്‍ട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താന്‍ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രെസ് റിഹേഴ്‌സല്‍ സമയത്ത് ലിക്വിഡ് ഹൈഡ്രജന്‍ ചോര്‍ച്ച ഉണ്ടായെന്നും, പിഴവുകള്‍ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി.
രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രെസ് റിഹേഴ്‌സലില്‍ ലിക്വിഡ് ഹൈഡ്രജന്‍ ചോര്‍ച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഓറിയണ്‍ പേടകത്തെ വഹിക്കുന്ന എസ്എല്‍എസ് റോക്കറ്റ് ടാങ്കില്‍ ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള വിവിധ ഘട്ടങ്ങള്‍ വെറ്റ് ഡ്രെസ് റിഹേഴ്‌സലില്‍ പരിശോധിച്ചു.
1972 ഡിസംബര്‍ 19‑നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് ടു ദൗത്യം. ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ 4700 മൈല്‍ ദൂരം സഞ്ചരിക്കും.റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കൊച്, ജെര്‍മി ഹാന്‍സെന്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2‑വിലെ സഞ്ചാരികള്‍. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകം വിക്ഷേപിക്കുന്നത്. ദൗത്യത്തിന് മുന്നോടിയായി 2022 നവംബര്‍ പതിനാറിന് ആളില്ലാത്ത ആര്‍ട്ടെമിസ് 1 ദൗത്യം നാസ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

