Site icon Janayugom Online

നാസയും രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ഹൂസ്റ്റണിലെ നാസാ കെട്ടിടത്തിലെ വൈദ്യുതതടസം മൂലം രാജ്യാന്തര ബഹിരാകാശ നിലയ(ഐഎസ്എസ്)വുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 90 മിനിറ്റ് നേരമാണ് ബഹിരാകാശ നിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. റഷ്യന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഐഎസ്എസുമായി ബന്ധം പുനഃസ്ഥാപിച്ചത്.
ഹൂസ്റ്റണിലെ ജോണ്‍സന്‍ ബഹിരാകാശ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി ബന്ധം തടസപ്പെടാന്‍ കാരണമായത്. ആശയവിനിമയം ഇല്ലാതായെന്ന വിവരം ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരെ അറിയിച്ചത് 20 മിനിറ്റിന് ശേഷമാണ്. ഇതിനായി റഷ്യയുടെ ആശയവിനിമയ സംവിധാനം ഉപയോഗിച്ചു. 90 മിനിറ്റിന് ശേഷം നാസയുടെ പകരം സംവിധാനം പ്രവര്‍ത്തനം (ബാക്ക്അപ്പ് സംവിധാനം) ഏറ്റെടുക്കുകയായിരുന്നു. ബഹിരാകാശ നിലയം പ്രവര്‍ത്തനം തുടങ്ങിയിട്ട് ആദ്യമായാണ് ബാക്ക്അപ്പ് സംവിധാനം പ്രവര്‍ത്തനം ഏറ്റടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും നിലയത്തിനോ അതിലുള്ള ബഹിരാകാശ ഗവേഷകര്‍ക്കോ അപകട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോള്‍ മോണ്ടല്‍ബാനോ വ്യക്തമാക്കി. തകരാർ നിലയത്തിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്ക്അപ്പ് സംവിധാനത്തില്‍ നിന്ന് മാറി പൂര്‍ണതോതില്‍ ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇന്നലെ തന്നെ പൂര്‍ത്തിയാക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയുന്നതിനാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാന്‍ പൂര്‍ണസജ്ജമായിരുന്നെന്നും നാസ അറിയിച്ചു.
ഉക്രെയ്ന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഐഎസ്എസിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ റഷ്യ മുന്‍കൈയെടുത്തു. 2024 ഓടെ ഐഎസ്എസില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സ്വന്തം ബഹിരാകാശ നിലയമാണ് റഷ്യയുടെ പദ്ധതി. ഫെബ്രുവരിയിലും സമാനമായ സാഹചര്യത്തില്‍ റഷ്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് ബഹിരാകാശ ഗവേഷകര്‍ ഒറ്റപ്പെട്ടപ്പോള്‍ ഐഎസ്എസിലേക്ക് രക്ഷാപേടകത്തെ അയച്ചത് റഷ്യയായിരുന്നു.

Eng­lish sum­ma­ry; NASA lost con­tact with the Inter­na­tion­al Space Station
you may also like this video;

Exit mobile version