Site iconSite icon Janayugom Online

വോയേജര്‍— 2 മായുള്ള നാസയുടെ ബന്ധം നഷ്ടപ്പെട്ടു

സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകമായ വോയേജര്‍— 2 മായുള്ള നാസയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. തെറ്റായ കമാന്‍ഡ് നല്‍കിയതാണ് ബന്ധം നഷ്ടമാകാന്‍ കാരണം. ഭൂമിയില്‍ നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയുള്ള പേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിക്ക് അകലെയുള്ള മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ ദൂരം കൊണ്ട് രണ്ടാമതാണ് വോയേജര്‍-2.

ജൂലൈ 21ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. തെറ്റായ കമാന്‍ഡുകള്‍ നല്‍കുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് തിരിച്ചടിയായത്. ആന്റിനയുടെ ദിശയില്‍ വെറും രണ്ട് ശതമാനത്തിന്റെ മാറ്റമാണ് ഉണ്ടായതെങ്കിലും വളരെ അകലെയായതിനാല്‍ ഭൂമിയുടെ ദിശയില്‍ നിന്ന് മാറുകയായിരുന്നു. ഈ മാറ്റം ആന്റിനയും ഭൗമകേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസപ്പെടുത്തിയിട്ടുണ്ട്. പേടകം അയയ്ക്കുന്ന വിവരങ്ങൾ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലേക്ക്‌ എത്തുന്നില്ല. കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് നല്‍കുന്ന കമാന്‍ഡുകള്‍ പേടകത്തില്‍ എത്തുന്നുമില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ നാസ വ്യക്തമാക്കി. 

ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള ആന്റിന വഴി വോയേജര്‍-2 മായി ബന്ധം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇത് വിജയിച്ചില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഒക്ടോബര്‍ 15ന് മുന്‍ നിശ്ചയിച്ച ആന്റിന റീസെറ്റിങ് നടക്കും. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ. ആന്റിന എപ്പോഴും ഭൂമിയുടെ നേരെ തിരിഞ്ഞിരിക്കുന്നു എന്ന് ഉറപ്പാക്കാൻ പേടകത്തില്‍ വര്‍ഷാവര്‍ഷം പ്രോഗ്രാം അടിസ്ഥാനമാക്കിയ പുനഃക്രമീകരണം നടത്താറുണ്ട്. ഇതോടെ ആശയവിനിമയം പുനഃസ്ഥാപിക്കാനായേക്കും. അതുവരെ ആശയവിനിമയം നടക്കുന്നില്ലെങ്കിലും മുന്‍ നിശ്ചയിച്ച പാതയില്‍ പേടകം സഞ്ചരിക്കുമെന്നും നാസ അറിയിച്ചു.

1977ലാണ് വോയേജര്‍ ‑2 വിക്ഷേപിച്ചത്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങളെ കുറിച്ചും സൗരയൂഥത്തിന്റെ അവസാന ഭാഗങ്ങളെ കുറിച്ചും പഠിക്കുകയാണ് പേടകത്തിന്റെ ദൗത്യം. 2018ലാണ് നക്ഷത്രാന്തരീയ മേഖലയില്‍ വോയേജര്‍-2 എത്തിയത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന വോയേജര്‍-1, 2,400 കോടി കിലോമീറ്റര്‍ അകലെയാണ്.

Eng­lish Sum­ma­ry; NASA lost con­tact with Voyager‑2
You may also like this video

Exit mobile version