സൂര്യന്റെ കനത്ത ചൂടിനെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് അതിജീവിച്ചുവെന്ന് നാസ. സൂര്യന്റെ ഏറ്റവും പുറംകവചമായ കൊറോണയിലൂടെ കടന്നുപോയതിന് ശേഷവും സോളാര്‍ പ്രോബുമായി ആശയവിനിമയത്തിന് കഴിഞ്ഞുവെന്ന് നാസ അറിയിച്ചു. സൂര്യനെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ ദൗത്യം.
സൂര്യോപരിതലത്തില്‍ നിന്ന് ഏകദേശം 61 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് മണിക്കൂറില്‍ 6,92,000 കിലോമീറ്റര്‍ വേഗതയില്‍ പറന്നത്. സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മ്മിത വസ്‌തു എന്ന നാഴികക്കല്ലും ഇത് സ്വന്തമാക്കി. സൂര്യന്റെ കൊറോണ പാളിയിലെ 930 ഡിഗ്രിസെല്‍ഷ്യസ് വരെയുള്ള ചൂടിനെ മറികടന്നുവേണമായിരുന്നു പേടകത്തിന് സഞ്ചരിക്കാന്‍. എന്നാല്‍ അതിശക്തമായ ചൂടിനും റേഡിയേഷനും പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കരിച്ചുകളയാനായില്ല. കൂടുതല്‍ വിശദമായ വിവരങ്ങള്‍ ജനുവരി ഒന്നിന് ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

