Site iconSite icon Janayugom Online

നസ്‌റല്ലയും നെതന്യാഹുവും വെടിനിർത്തലിന് സമ്മതിച്ചിരുന്നു; ലെബനൻ മന്ത്രി

nasrullahnasrullah

കൊല്ലപ്പെട്ട മുൻ ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബെയ്റൂട്ടിൽ വെടിനിർത്തലിന് സമ്മതിച്ചിരുന്നതായി ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ്. 

നസ്റല്ല വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും കരാറിലെത്തിയതെന്നും മന്ത്രി പറഞ്ഞു. വെടിനിർത്തൽ തീരുമാനത്തെക്കുറിച്ച് യുഎസ്, ഫ്രഞ്ച് പ്രതിനിധികളെയും അറിയിച്ചതായി ഒരു അമേരിക്കൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബൗ ഹബീബ് പറഞ്ഞു.

സെപ്തംബർ 27 ന് ഇസ്രായേൽ ബോംബ് ആക്രമണത്തിന് ഇരയായപ്പോൾ ഹസൻ നസ്‌റുള്ള ദഹിയയുടെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ബങ്കറിലായിരുന്നു. നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച ഹിസ്ബുള്ളയുടെ പ്രസ്താവനയിൽ അദ്ദേഹം എങ്ങനെ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിൽ നേരിട്ട് മുറിവുകളില്ലെന്നും പറഞ്ഞു. 

ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം (നസ്‌റല്ല) വെടിനിർത്തലിന് പൂർണ്ണമായി സമ്മതം നൽകി, ഇത് യുഎസിനെയും ഫ്രാൻസിനെയും അറിയിച്ചു. യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി കൂടിക്കാഴ്ചയ്ക്കുശേഷം അമേരിക്കൻ പ്രസിഡന്റ് ജോബൈഡനും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണും മറ്റ് സഖ്യകക്ഷികളും 21 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ഒരു ദിവസത്തിന് ശേഷം നെതന്യാഹു വെടിനിർത്തൽ നിർദ്ദേശം നിരസിക്കുകയും സൈന്യത്തോട് “പൂർണ്ണ ശക്തിയോടെ യുദ്ധം” തുടരാൻ ഉത്തരവിടുകയും ചെയ്തുവെന്നും ബൗ ഹബീബ് കൂട്ടിച്ചേര്‍ത്തു.

Exit mobile version