Site iconSite icon Janayugom Online

മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം: വീണ്ടും വിഭാഗീയതയുമായി സംഘ്പരിവാര്‍

madrasamadrasa

ആറ് വർഷം മുമ്പ് സിനിമാശാലകളിൽ ദേശീയഗാനം വേണമെന്ന നിലപാടുമായി കോടതി കയറിയ സംഘ്പരിവാർ ദേശീയഗാനത്തിലൂടെ കലാപത്തിന് പുതിയ വഴി തുറക്കുന്നു. മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന വാദവുമായാണ് ഇപ്പോഴത്തെ നീക്കം. ബിജെപിയുടെ ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ മദ്രസകളിൽ ദേശീയഗാനം ആലപിക്കൽ നിർബന്ധമാക്കി ഉത്തരവിറക്കിക്കഴിഞ്ഞു. ഇത് മാതൃകയാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി-ആര്‍എസ്എസ് ലക്ഷ്യം.

യുപിയിൽ മദ്രസയിലെ അധ്യാപകരും വിദ്യാർത്ഥികളും ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാണ്.

ഇതിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയിലെ മദ്രസകളിലും ദേശീയ ഗാനം നിർബന്ധമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ‘മതത്തെ അടിസ്ഥാനമാക്കിയുള്ള പഠനമായാലും സ്കൂൾ പഠനമായാലും, രാഷ്ട്രത്തെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. യോഗി സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അതിനായി മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്ര സർക്കാർ ഉടൻ തന്നെ അതേ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു‘വെന്ന് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്ട്ര മേധാവി ആചാര്യ തുഷാർ ഭോസാലെ പറഞ്ഞു. ഭരണം അസ്ഥിരപ്പെടുത്താൻ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സർക്കാർ കുറ്റപ്പെടുത്തി.

2016 നവംബറിൽ സിനിമാശാലകളിൽ ഓരോ പ്രദർശനത്തിന് മുമ്പും ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ബിജെപിയുടെ ആവശ്യപ്രകാരമായിരുന്നു. ദേശീയഗാനം കേൾപ്പിക്കുന്ന സമയത്ത് ആദരവോടെ എഴുന്നേറ്റ് നിൽക്കണമെന്നും ദേശീയപതാക സ്ക്രീനിൽ കാണിക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് ഘോഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിച്ചത്. ഭോപാലിൽനിന്നുള്ള ശ്യാം നാരായൺ ചൗസ്കി സമർപ്പിച്ച ഹർജിയിലെ ആവശ്യം അംഗീകരിച്ച കോടതി ദേശീയഗാനത്തെ നാടകീയമായി അവതരിപ്പിക്കുന്നതും വിനോദ ഷോകൾക്കായി ഉപയോഗിക്കുന്നതും പൂർണമായി നിരോധിച്ചു. സുപ്രീംകോടതിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുകയാണെന്നാണ് കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്ത അറ്റോര്‍ണി ജനറൽ മുകുൽ രോഹ്തഗി ബോധിപ്പിച്ചത്.

എന്നാൽ കോടതി തന്നെ 11 മാസം കഴിഞ്ഞപ്പോൾ നിലപാടു മാറ്റി. 2017 ഒക്ടോബർ 23 ന് കോടതി സ്വന്തം ഉത്തരവിനെത്തന്നെ നിശിതമായി വിമർശിച്ചു. ‘ഇന്ത്യക്കാർ ദേശഭക്തി നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ടതില്ല. ദേശഭക്തി ഇങ്ങനെ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, നാളെ മുതൽ സിനിമാ തിയറ്ററിൽ ടീ ഷർട്ടും ഷോട്സുമിടരുതെന്നും ഇട്ടാൽ അതു ദേശീയ ഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഈ സദാചാര പൊലീസിങ് എവിടെച്ചെന്നു നിൽക്കും? ’ – ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോർട്ട് നൽകാൻ 12 പേരുടെ സമിതിയെ നിയോഗിച്ചെന്നും റിപ്പോർട്ട് നടപ്പാകുംവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്നാണ് നിലപാടെന്നും സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മലക്കം മറിയുകയും ചെയ്തു.

Eng­lish Sum­ma­ry: Nation­al anthem should be made com­pul­so­ry in madras­sas: Sangh Parivar

You may like this video also

Exit mobile version