പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത പുതിയ പാർലമെന്റ് സമുച്ചയത്തിലെ അശോകസ്തംഭം വിവാദത്തിൽ. ദേശീയ ചിഹ്നത്തിലെ സിംഹങ്ങളുടെ രൂപമാറ്റവും അനാച്ഛാദനത്തിലെ ഭരണഘടനാ ലംഘനവുമാണ് വിവാദത്തിലായത്. ദേശീയ ചിഹ്നം പരിഷ്കരിച്ച് അപമാനിച്ച പ്രധാനമന്ത്രി, ലെജിസ്ലേച്ചറിയെയും അപഹസിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പാർലമെന്റ് മന്ദിരത്തിന് മുകളിലായിട്ടാണ് ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത്. എക്സിക്യുട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ എക്സിക്യൂട്ടീവിനെയും (ഭരണ നിർവഹണ സംവിധാനം), ലെജിസ്ലേച്ചറിനെയും (നിയമ നിർമ്മാണ സഭ), ജുഡീഷ്യറിയെയും(നീതി നിർവഹണം) ഭരണഘടന കൃത്യമായി വേർതിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് സഭ വിളിച്ചുചേർക്കുന്നത്. നിയമങ്ങൾ നിർമ്മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് സ്വതന്ത്രമായ അധികാരമുണ്ട്. ലോക്‌സഭാ സ്പീക്കർ നോക്കി നിൽക്കെ എക്സിക്യൂട്ടീവിന്റെ തലവൻ മാത്രമായ പ്രധാനമന്ത്രി അശോകസ്തംഭം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന ആക്ഷേപവും പ്രതിപക്ഷം ഉയർത്തി.
പുതിയ അശോക സ്തംഭത്തിൽ ദേശീയ ചിഹ്നത്തെ രൂപം മാറ്റി തന്നെ അപമാനിച്ചിരിക്കുകയാണ് ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ് എംപിമാരായ ജവഹർ സിർക്കാറും മഹുവാ മൊയ്ത്രയും ആരോപിച്ചു. യഥാർത്ഥ അശോകസ്തംഭത്തിലെ സിംഹങ്ങൾ വളരെ ശാന്തരൂപമുള്ളതും ആത്മവിശ്വാസമുണ്ടാക്കുന്നതുമാണ്. എന്നാൽ ഇപ്പോഴത്തേത് അലറുന്ന സിംഹങ്ങളാണ്. ഇത് മോഡിയുടെ പരിഭാഷയാണെന്നും എത്രയും വേഗം മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
ദേശീയചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനെ സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂജ നടത്തിയത് മതപരമായ ചടങ്ങാണെന്നും യെച്ചൂരി ആരോപിച്ചു. ചിഹ്നം രൂപകല്പന ചെയ്ത സുനിൽ ഡിയോറയും റോമിയൽ മോസസും പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള രൂപത്തിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് പ്രതികരിച്ചത്.
English Summary: National Emblem controversy
You may like this video also